സ്നേഹവീടുകൾ വിഭാവനം ചെയ്ത് മീനങ്ങാടിയുടെ വാർഷിക ബജറ്റ്
1396131
Wednesday, February 28, 2024 5:26 AM IST
മീനങ്ങാടി: ഒരു വാർഡിൽ ഒരു സ്നേഹ വീട് വിഭാവനം ചെയ്ത് മീനങ്ങാടി പഞ്ചായത്തിന്റെ വാർഷിക ബജറ്റ്. പഞ്ചായത്ത് പരിധിയിലെ സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, ബാങ്കുകൾ, വിദ്യാലയങ്ങൾ, സ്ഥിര വരുമാനക്കാർ രാജ്യത്തിനകത്തും പുറത്തുമുള്ള സുമനസുകളിൽ നിന്നും അഞ്ഞൂറ് രൂപ വീതം ആയിരം ആളുകളിൽ നിന്നും അഞ്ച് ലക്ഷം രൂപ സ്വരൂപിച്ചു ഓരോ മാസവും ഓരോ വീട് നിർമിച്ചു നൽകുക എന്ന ആശയം ബജറ്റ് മുന്നോട്ട് വയ്ക്കുന്നു.
ഗാന്ധിയെ തമസ്കരിക്കുകയും ഗോഡ്സെയെ മഹത്വവത്കരിക്കുകയും ചെയ്യുന്ന കാലത്ത് പുതുതലമുറയെ ഗാന്ധിയോടൊപ്പം നടത്താൻ പഞ്ചായത്തിൽ ഗാന്ധി ചെയർ, പുസ്തക ചർച്ച, കവിയരങ്ങ്, വയലാർ ഗാനാലാപന മത്സരം, പുതു തലമുറയുടെ സർഗ വികാസം എന്നിവ ലക്ഷ്യം വയ്ക്കുന്ന സകലകല.
എയിം എ ഗോൾഡ് എന്ന ലക്ഷ്യവുമായി നാല് വയസു മുതൽ എട്ട് വയസു വരെ പ്രായമുള്ള വിദ്യാർഥികളുടെ കിഡ്സ് അത്ലറ്റിക് അക്കാദമി, അംഗണവാടികൾ, ഹെൽത്ത് സെന്ററുകൾ, ഘടക സ്ഥാപനങ്ങൾ എന്നിവയുടെ റൂഫ് ടോപ്പ് സോളാർ, ഒരു വാർഡിൽ ഒരു പച്ചതുരുത്ത്, കരൾ വൃക്ക രോഗ നിർണയ പദ്ധതി, പാഠ്യ പാഠ്യേതര മേഖലകളിൽ പിന്നോക്കം നില്ക്കുന്ന വിദ്യാർഥികളുടെ ഉന്നമനം ലക്ഷ്യം വയ്ക്കുന്ന മെഷേഡ് കാന്പസ് പദ്ധതി, ഹാപ്പി പേരന്റിംഗ്, പബ്ലിക് ഹെൽത്ത് ജിമ്മുകൾ എന്നിവയ്ക്കും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.
എഴുപത് കോടി അറുപത്തിയഞ്ച് ലക്ഷം രൂപ വരവും അറുപത്തിയൊന്പതു കോടി എണ്‍പത്തിയഞ്ചു ലക്ഷം രൂപ ചെലവും കണക്കാക്കുന്ന ബജറ്റിൽ എണ്‍പത് ലക്ഷം രൂപ നീക്കുബാക്കി പ്രതീക്ഷിക്കുന്നു. കൃഷി, മൃഗ സംരക്ഷണം, മത്സ്യ ബന്ധനം, ചെറുകിട വ്യവസായം, കുടുംബശ്രീ സംരംഭങ്ങൾക്ക് റിവോൾവിംഗ് ഫണ്ട് എന്നിവയ്ക്കായി മൂന്ന് കോടി അറുപത്തി നാല് ലക്ഷം രൂപയും തുടർ സക്ഷരത, പ്രൈമറി വിദ്യാഭ്യാസം, സ്പോട്സ്, യുവജനക്ഷേമം, കലാ സംസ്കാരം എന്നിവയ്ക്കായി ഒരു കോടി എണ്‍പത് ലക്ഷം രൂപയും
ആരോഗ്യം, കുടിവെള്ളം, പകർച്ച വ്യാധി നിയന്ത്രണം, മാലിന്യ സംസ്കരണം, വനിതാ ക്ഷേമം എന്നിവയ്ക്കായി രണ്ട് കോടി ഇരുപത് ലക്ഷം രൂപയും ദാരിദ്യ്ര ലഘൂകരണം, ഭവന നിർമാണം എന്നിവയ്കായി പതിനാറ് കോടി രൂപയും പട്ടിക ജാതി പട്ടിക വർഗ ക്ഷേമത്തിനായി രണ്ടു കോടി അറുപത് ലക്ഷം രൂപയും റോഡുകൾ മറ്റ് അടിസ്ഥാന സൗകര്യ വികസനങ്ങൾക്കായി എട്ട് കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ അധ്യക്ഷത വഹിച്ച പ്രത്യേക ഭരണ സമിതി യോഗത്തിൽ വൈസ് പ്രസിഡന്റ് കെ.പി. നുസ്രത്ത് ബജറ്റ് അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ബേബി വർഗീസ്, പി. വാസുദേവൻ, ഉഷ രാജേന്ദ്രൻ, ടി.പി. ഷിജു, പി.വി. വേണുഗോപാൽ, പഞ്ചായത്ത് സെക്രട്ടറി കെ. അഫ്സത്ത്, ഹെഡ്അക്കൗണ്ടന്റ് ഷൂജാ സലാം തുടങ്ങിയവർ പ്രസംഗിച്ചു.