അർബൻബാങ്ക് ഡയറക്ടർമാരുടെ അയോഗ്യത; മൂന്ന് അംഗങ്ങൾ രജിസ്ട്രാർക്ക് അപ്പീൽ നൽകി
1395923
Tuesday, February 27, 2024 7:10 AM IST
സുൽത്താൻ ബത്തേരി: കോ ഓപ്പറേറ്റീവ് അർബൻബാങ്കിലെ ഡയറക്ടർ ബോർഡ് അംഗങ്ങളെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയ ജോയിന്റ് രജിസ്ട്രാർ നടപടിക്കെതിരേ ഹൈക്കോടതിയെ സമീപിക്കാത്ത മൂന്ന് അംഗങ്ങൾ രംഗത്ത്.
നടപടി നിയമപരമല്ലെന്നും ഇതിനെതിരേ തങ്ങളെ പുറത്താക്കിയുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് രജിസ്ട്രാർക്ക് അപ്പീൽ നൽകിയിട്ടുണ്ടെന്നും ഇവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശ്രീജി ജോസഫ്, റീത്ത് സ്റ്റാൻലി, ജിനി തോമസ് എന്നിവരാണ് നടപടി റീകാൾ ചെയ്യണമെന്നാവശ്യപ്പെട്ട് രജിസ്ട്രാർക്ക് അപ്പീൽ നൽകിയിരിക്കുന്നത്.
മറ്റ് സഹകരണ സ്ഥാപനങ്ങളിൽ അംഗത്വം ഉണ്ടെന്ന് ചൂണ്ടികാണിച്ചാണ് ബാങ്ക് ചെയർമാൻ ഉൾപ്പടെ എട്ട് പേരെ ഇക്കഴിഞ്ഞ വ്യാഴാഴ്ച ജില്ലാജോയിന്റ് രജിസ്ട്രാർ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുകയും തുടർന്ന് ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം കൊണ്ടുവരികയും ചെയ്തത്. ഇതിനെതിരേ ബാങ്ക് ചെയർമാൻ ഡി.പി. രാജശേഖരൻ ഉൾപ്പടെ അഞ്ച് പേർ ഹൈക്കോടതിയെ സമീപിച്ച് ഏഴ് ദിവസത്തേക്ക് ജെആറിന്റെ ഉത്തരവിനെതിരേ സ്റ്റേവാങ്ങിയിരുന്നു.
എന്നാൽ ശ്രീജി ജോസഫ്, റീത്ത സ്റ്റാൻലി, ജിനിതോമസ് എന്നിവർ ഹൈക്കോടതിയെ സമീപിക്കുകയോ ജെആറിന്റെ നടപടിക്കെതിരേ സ്റ്റേവാങ്ങുകയോ ചെയ്തിട്ടില്ല. അതിനാൽ ഇവരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയുള്ള ജെആറിന്റെ ഉത്തരവ് നിലനിൽക്കുമെന്നാണ് ഹൈക്കോടതിയിൽ നിന്ന് സ്റ്റേവാങ്ങിയവരുടെ പക്ഷം. കൂടാതെ മൂന്ന് പേർ ഹൈക്കോടതിയെ സമീപിക്കാതിരിന്നതിനെതിരെയും ആക്ഷേപങ്ങളും ഉയർന്നിരുന്നു.
എന്നാൽ ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവ് സഹകരണ നിയമപ്രകാരം തെറ്റാണെന്നാണ് ഈ മൂന്നംഗങ്ങളുടെ വാദം. രജിസ്ട്രാറിന്റെ നിർദേശപ്രകാരമാണ് തങ്ങൾക്ക് ഇരട്ടഅംഗത്വവിഷയത്തിൽ ജെആർ കത്തയക്കേണ്ടിയിരുന്നത്. രജിസ്ട്രാറിന്റെ നിർദേശപ്രകാരം ബാങ്കിനെ അറിയിച്ച് അവിടെ നിന്നാണ് പ്രാഥമിക അംഗത്വത്തിൽ നിന്നു തങ്ങളെ നീക്കം ചെയ്യേണ്ടതും. ഇത് നോക്കുകയാണെങ്കിൽ ബാങ്കിലെ 1500ഓളം അംഗങ്ങൾക്കെതിരേ നടപടിയെടുക്കേണ്ടിവരുകയും ഇവർക്ക് നിക്ഷേപവും മറ്റും തിരികെ നൽകേണ്ടിവരുകയും ചെയ്യുമെന്നുമാണ് നടപടിനേരിട്ട മൂന്നുപേരും പറയുന്നത്.
അതിനാൽ സഹകരണ നിയമപ്രകാരം രജിസ്ട്രാറിൽ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അതിനാലാണ് കോടതിയെ സമീപിക്കാതിരുന്നതെന്നും അനുകൂലമായ നടപടിയുണ്ടായില്ലെങ്കിൽ മാത്രമേ കോടതിയെ സമീപിക്കുമെന്നും മൂവരും കൂട്ടിച്ചേർത്തു.
ഇരട്ടഅംഗത്വത്തെപ്പറ്റി ഡിസംബർ മാസം ജോയിന്റ് രജിസ്ട്രാറുടെ കത്ത് ലഭിച്ചപ്പോൾതന്നെ ജെആറിന്റെ ഉത്തരവ് പുനഃപരിശോധിച്ച് റീകോൾ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സഹകരണ നിയമപ്രകാരം ജനുവരി മൂന്നിന് രജിസ്ട്രാർക്ക് അപ്പീൽ നൽകിയിട്ടുമുണ്ട്. ഇതിൻമേൽ വാദം കേൾക്കാതെയാണ് നിലവിൽ നടപടിയെടുത്തിരിക്കുന്നതെന്നും ഇവർ ആരോപിച്ചു. അതേസമയം ചെയർമാന്റെ നേതൃത്വത്തിൽ അഞ്ച് പേരും നിലവിൽ മൂന്ന് പേരും വെവ്വേറെ പ്രസ്ഥാവനയുമായി മാധ്യമങ്ങളെ കണ്ടത് ഉള്ളിലെ പടലപിണക്കമാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.