വേലിയന്പം, ഭൂദാനം പ്രദേശങ്ങളിൽ കാട്ടാനയിറങ്ങി വ്യാപക കൃഷിനാശം
1395921
Tuesday, February 27, 2024 7:10 AM IST
പുൽപ്പള്ളി: വേലിയന്പം, മരകാവ്, ഭൂദാനം പ്രദേശങ്ങളിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി നെയ്ക്കുപ്പ വനമേഖലയിൽ നിന്നിറങ്ങിയ ആനകളാണ് കൃഷി നശിപ്പിച്ചത്. ചെരുവിൽ ഷൈജൻ, ജോസ് കുന്നത്തുമറ്റം, ചാമി രാജേഷ്, പാപ്പച്ചൻ കൂനംപറന്പിൽ തുടങ്ങിയ കർഷകരുടെ വാഴ, തെങ്ങ്, കമുക് തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്. വനാതിർത്തിയിലെ മേഖലയിൽ സ്ഥാപിച്ചിരുന്ന ട്രഞ്ചും ഫെൻസിംഗും തകർന്നതോടെയാണ് ആനകൾ കൂട്ടമായി കൃഷിയിടത്തിലേക്കിറങ്ങാൻ കാരണം.
വനാതിർത്തി മേഖലയിലെ തകർന്ന ഫെൻസിംഗും ട്രഞ്ചും നന്നാക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ വനംവകുപ്പിന് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് കർഷകർ പറഞ്ഞു. തിങ്കളാഴ്ച പുലർച്ചവരെ ആനക്കൂട്ടം കൃഷിയിടത്തിലായിരുന്നുവെന്നും കർഷകർ പറഞ്ഞു. വന്യമൃഗശല്യത്തിന് പരിഹാരം കാണാൻ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ.