പങ്കാളിത്ത ശിൽപശാല സംഘടിപ്പിച്ചു
1395916
Tuesday, February 27, 2024 7:10 AM IST
കൽപ്പറ്റ: സുഗന്ധവ്യഞ്ജന തോട്ടങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ ആരോഗ്യം, സുരക്ഷ, ക്ഷേമം എന്നിവ മെച്ചപ്പെട്ട രീതിയിൽ തിരികെ കൊണ്ടുവരിക എന്ന പദ്ധതിയുടെ ഭാഗമായി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പങ്കാളിത്ത ശിൽപശാല സംഘടിപ്പിച്ചു.
യുഎൻ വിമൻ, സ്പൈസസ് ബോർഡ് ഓഫ് ഇന്ത്യ, ദി ജെൻഡർ പാർക്ക്, സംസ്ഥാന വനിതാ ശിശു ക്ഷേമ വകുപ്പ് എന്നിവരുടെ പിന്തുണയോടെയാണ് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഈ പദ്ധതി നടപ്പിലാക്കുന്നത്.
കേരളത്തിലെ സുഗന്ധവ്യഞ്ജന തോട്ടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കിടയിൽ അവരുടെ അവകാശങ്ങളെക്കുറിച്ച് അവബോധം വളർത്തുക, ഒരു പിന്തുണാ ശൃംഖല സൃഷ്ടിക്കുക, സർക്കാർ വകുപ്പുകൾ, നിയമ നിർവഹണ ഏജൻസികൾ, സർക്കാരിതര സംഘടനകൾ, കുടുംബശ്രീ, സ്വാശ്രയ സംഘങ്ങൾ എന്നിവയുൾപ്പെടെ വിവിധ പങ്കാളികളെ ഒന്നിപ്പിക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്. സുഗന്ധവ്യഞ്ജന തോട്ടങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് ഈ പദ്ധതികൊണ്ട് ശ്രമിക്കുന്നത്.
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടന്ന ശിൽപശാല മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ അധ്യക്ഷത വഹിച്ചു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ പി.എ. ജോസ് പദ്ധതി വിശദീകരണം നടത്തി. മാനന്തവാടി മുനിസിപ്പൽ കൗണ്സിലർ സ്മിത, കേരള ലേബർ മൂവ്മെന്റ് രൂപത ഡയറക്ടർ സെബാസ്റ്റ്യൻ പാലംപറന്പിൽ എന്നിവർ പ്രസംഗിച്ചു.