ചെതലയം മിച്ചഭൂമിയിൽ നാല് ഏക്കർ 19 പട്ടികജാതി കുടുംബങ്ങൾക്ക് പതിച്ചുനൽകാൻ ഉത്തരവ്
1394703
Thursday, February 22, 2024 5:22 AM IST
കൽപ്പറ്റ: സുൽത്താൻ ബത്തേരി താലൂക്കിലെ കിടങ്ങനാട് വില്ലേജിൽ ബ്ലോക്ക് നന്പർ 13ൽ സർവേ നന്പർ 60ൽ വനം വകുപ്പിന്റെ കൈവശമുള്ള ഭൂമി റവന്യു ഭൂമിയായി നിലനിർത്തി നാല് ഏക്കർ പട്ടികജാതിയിൽപ്പെട്ട 19 പേർക്ക് പതിച്ചുനൽകാൻ സർക്കാർ ഉത്തരവായി. ജില്ലാ കളക്ടറുടെ 2020 ഒക്ടോബർ 10ലെ എൽ 1-22725 നന്പർ റിപ്പോർട്ട് ഉൾപ്പെടെ പരിശോധിച്ചാണ് കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചത്.
പതിറ്റാണ്ടുകൾ മുന്പ് ഇരുളത്ത് അനുവദിച്ച ഭൂമിയിൽ പ്രവേശിക്കാൻ കഴിയാതെപോയ പട്ടികജാതി കുടുംബങ്ങൾക്കാണ് ഉത്തരവ് പ്രകാരം ഭൂമി ലഭിക്കുക. പൊതു വിഭാഗത്തിൽപ്പെടുന്ന നിർധന കുടുംബങ്ങൾ താമസിക്കുന്ന ഭൂമിയാണ് ഇരുളത്ത് പട്ടികജാതിക്കാർക്കു അനുവദിച്ചിരുന്നത്. 1970ൽ പഴയ പൂതാടി വില്ലേജിലെ കല്ലോണിക്കുന്ന്, കോട്ടക്കൊല്ലി, മാതമംഗലം പ്രദേശങ്ങളിലായി കക്കോടൻ മൂസ ഹാജിയിൽനിന്നു സർക്കാർ പിടിച്ചെടുത്ത 120 ഏക്കറാണ് ഇരുളം മിച്ചഭൂമിയെന്നു അറിയപ്പെടുന്നത്.
ഈ സ്ഥലം ഭൂ രഹിതർക്കു പതിച്ചുനൽകാൻ 1976 മാർച്ച് 21നു സർക്കാർ ഉത്തരവായിരുന്നു. പട്ടികജാതി-വർഗത്തിൽപ്പെട്ട 62 കുടുംബങ്ങൾക്കു ഒരു ഏക്കറും പൊതു വിഭാഗത്തിലെ 60 കുടുംബങ്ങൾക്കു അര ഏക്കറും വീതം ഭൂമിയാണ് ഉത്തരവ് പ്രകാരം അനുവദിച്ചത്.
വൈകാതെ കൈവശരേഖ വിതരണം നടത്തിയെങ്കിലും പട്ടികജാതി-വർഗ കുടുംബങ്ങൾക്കു ഭൂമിയിൽ പ്രവേശിക്കാനായില്ല. ഇതേത്തുടർന്നു പട്ടികജാതി-വർഗ കുടുംബങ്ങൾ രൂപീകരിച്ച ആക്ഷൻ കൗണ്സിൽ ഹൈക്കോടതിയെ സമീപിച്ചു. നിലവിലെ കൈവശക്കാരെ ഒഴിപ്പിച്ച് ഭൂമി അർഹരായ പട്ടികജാതി-വർഗ കുടുംബങ്ങൾക്കു നൽകണമെന്നു 1990ൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിച്ചു. ഇതിനെതിരേ 42 കൈവശ കുടുംബങ്ങൾ നൽകിയ അപ്പീൽ 2006ൽ ഡിവിഷൻ ബെഞ്ച് തള്ളിയെങ്കിലും പട്ടികജാതി-വർഗ കുടുംബങ്ങൾക്കു ഭൂമി ലഭിച്ചില്ല.
ഇരുളം വില്ലേജിൽ ഭൂമി അനുവദിച്ചതിൽ ആദിവാസി കുടുംബങ്ങളെ പട്ടികവർഗ വികസന വകുപ്പ് പിന്നീട് വേറെ സ്ഥലം കണ്ടെത്തി പുനരധിവസിപ്പിച്ചു. എന്നാൽ പട്ടികജാതി കുടുംബങ്ങളുടെ കാര്യത്തിൽ തീരുമാനമായില്ല. 2012ൽ ജില്ലാ ഭരണകൂടം വിളിച്ചുചേർത്ത യോഗത്തിൽ ഇരുളം വില്ലേജിൽ അനുവദിച്ചതിനു പകരം ഭൂമി ലഭിച്ചാൽ മതിയെന്ന നിലപാട് പട്ടികജാതി-വർഗ ആക്ഷൻ കമ്മിറ്റി സ്വീകരിച്ചു. ഇതേത്തുടർന്നു ജില്ലാ ഭരണകൂടം നടത്തിയ പരിശോധനയിലാണ് ചെതലയത്ത് വനം വകുപ്പിന്റെ കൈവശമുള്ള മിച്ചഭൂമിയിൽ ഒരു ഭാഗം പട്ടികജാതി കുടുംബത്തിനു നൽകുന്നതിനു യോജിച്ചതാണെന്നു കണ്ടെത്തിയത്.
ചെതലയത്ത് ഫോറസ്റ്റുപാളയം എന്നറിയപ്പെടുന്ന 25 ഏക്കർ മിച്ചഭൂമിയാണുള്ളത്. ഇതിൽ 4.4070 ഹെക്ടർ ട്രൈബൽ സ്റ്റഡീസ് ആൻഡ് റിസർച്ച് സെന്റർ തുടങ്ങുന്നതിനു 2010 മാർച്ച് മൂന്നിനു കാലിക്കട്ട് യൂണിവേഴ്സിറ്റിക്കു പാട്ടത്തിനു നൽകിയിരുന്നു.
അക്കൊല്ലം സെപ്റ്റംബർ 13നു 0.8323 ഏക്കർ പൊതുജനാരോഗ്യകേന്ദ്രത്തിനും കൈമാറി. ലൈഫ് മിഷനു 0.2014 ഹെക്ടർ 2017 ജൂലൈ 17നു വിട്ടുകൊടുത്തു. അവശേഷിക്കുന്ന ഭൂമിയിൽ വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റേഞ്ച് ഓഫീസ്, വനം ഉദ്യോഗസ്ഥരുടെ ക്വാർട്ടേഴ്സുകൾ, ഫോറസ്റ്റ് ഇൻസ്പെക്ഷൻ ബംഗ്ലാവ്, സഞ്ചാരികൾക്കുള്ള അതിഥി മന്ദിരം എന്നിവയുണ്ട്.
ചെതലയത്തെ ഭൂമിയുടെ ഭാഗം പട്ടികജാതി കുടുംബങ്ങൾക്കു നൽകുന്നതിനു റവന്യു വകുപ്പ് നടത്തിയ നീക്കങ്ങൾക്കെതിരേ വനം-വന്യജീവി വകുപ്പ് രംഗത്തുവന്നിരുന്നു. സ്ഥലം കാടിന്റെ ഭാഗമാണെന്ന വാദം ഉന്നയിച്ചായിരുന്നു ഇത്.
എന്നാൽ ഭൂമി വനത്തിന്റെ ഭാഗമാണെന്നു തെളിയിക്കുന്ന രേഖ വനംവകുപ്പിന്റെ പക്കൽ ഉണ്ടായിരുന്നില്ല. മുന്പ് കാലിക്കട്ട് യൂണിവേഴ്സിറ്റിക്കു ഭൂമി പാട്ടത്തിനു നൽകിയതിനെയും പൊതുജനാരോഗ്യകേന്ദ്രത്തിനും മറ്റും സ്ഥലം കൈമാറിയതിനെയും വകുപ്പ് എതിർത്തില്ല. ഈ സാഹചര്യത്തിൽ വനം-വന്യജീവി വകുപ്പിന്റെ വാദം റവന്യു വകുപ്പ് തള്ളിയിരുന്നു.