പോൾ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതിൽ മുഖ്യപ്രതി മുഖ്യമന്ത്രി: കെ. മുരളീധരൻ എംപി
1394440
Wednesday, February 21, 2024 4:58 AM IST
കൽപ്പറ്റ: കാട്ടാന ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ കുറുവ ഇക്കോ ടൂറിസം കേന്ദ്രം ജീവനക്കാരൻ പാക്കം വെള്ളച്ചാലിൽ പോൾ തക്കസമയം വിദഗ്ധ ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിൽ മുഖ്യപ്രതികളുടെ സ്ഥാനത്ത് സർക്കാരും മുഖ്യമന്ത്രിയുമാണെന്ന് കെപിസിസി മുൻ പ്രസിഡന്റ് കെ. മുരളീധരൻ എംപി.
വന്യജീവി ശല്യത്തിനു പരിഹാരം ആവശ്യപ്പെട്ട് കളക്ടറേറ്റ് പരിസരത്ത് യുഡിഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രാപകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പോളിനെ യഥാർഥത്തിൽ കാട്ടാനയല്ല, ഭരണകൂടമാണ് കൊന്നത്. യഥാസമയം വിദഗ്ധ ചികിത്സ ലഭിച്ചിരുന്നെങ്കിൽ പോൾ മരണപ്പെടുമായിരുന്നില്ല. വനം വകുപ്പ് കൈകാര്യം ചെയ്യുന്നതിൽ മന്ത്രി എ.കെ. ശശീന്ദ്രൻ പൂർണ പരാജയമാണ്.
ആനയ്ക്കുവച്ച മയക്കുവെടി മന്ത്രിക്കാണ് കൊണ്ടതെന്നു സംശയിക്കണം. തല പൊങ്ങാതെയാണ് അദ്ദേഹം സംസാരിക്കുന്നത്. നാട്ടിൽ ചില ആനപ്രേമികളുണ്ട്. ഇവരിൽ പലരും വയനാട് കണ്ടവരല്ല. കൃഷിയും ജീവിതവും മനസിലാക്കിയവരല്ല. അവർക്ക് മനുഷ്യനേക്കാൾ വലുത് ആനയാണ്.
ആനപ്രേമം മൂത്താൽ ആനയ്ക്കും ദോഷമാണ്. തണ്ണീർക്കൊന്പൻ ഇതിനു ഉദാഹരണമാണ്. മയക്കുവെടിവച്ച് പിടിച്ച് റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിൽ തുറന്നുവിടാതിരുന്നെങ്കിൽ വീണ്ടും നാട്ടിലിറങ്ങി മയക്കുവെടിയേൽക്കാനും മരണപ്പെടാനും അതിന് ഇടവരുമായിരുന്നില്ല. നാട്ടിലിറങ്ങുന്ന അക്രമകാരികളായ കടുവകളെ വെടിവച്ച് കൊല്ലണം.
ഉമ്മവയ്ക്കാനുള്ളതല്ല തോക്ക്. വിദ്യാർഥികളുമായി സംവദിക്കാൻ കോഴിക്കോട് എത്തിയ മുഖ്യമന്ത്രി വയനാട് സന്ദർശിക്കാനും ജനങ്ങളോടു നേരിട്ടുസംസാരിക്കാനും തയാറാകാതിരുന്നത് ദൗർഭാഗ്യകരമാണെന്നും മുരളീധരൻ പറഞ്ഞു.
യുഡിഎഫ് ജില്ലാ ചെയർമാൻ കെ.കെ. അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി മുഖപ്രഭാഷണം നടത്തി. കെപിസിസി മുൻ പ്രസിഡന്റ് രമേശ് ചെന്നിത്തല, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ് എംഎൽഎ, ഐ.സി. ബാലകൃഷ്ണൻ എംഎൽഎ,
യുഡിഎഫ് ജില്ലാ കണ്‍വീനർ കെ.കെ. വിശ്വനാഥൻ, സണ്ണി ജോസഫ്, ടി. മുഹമ്മദ്, പി.പി. ആലി, ജോസഫ് കളപ്പുരക്കൽ, എം.സി. സെബാസ്റ്റ്യൻ, പ്രവീണ്‍ തങ്കപ്പൻ, പി.എസ് . വിനോദ്കുമാർ, കെ.എൽ. പൗലോസ്, എൻ.കെ. റഷീദ്, റസാഖ് കൽപ്പറ്റ, പി. ഇസ്മായിൽ, പി.കെ. ജയലക്ഷ്മി, അഡ്വ.ടി.ജെ. ഐസക്, ഡി.പി. രാജശേഖരൻ,
ടി. ഹംസ, പടയൻ മുഹമ്മദ്, അബ്ദുള്ള മാടക്കര, ഷംസാദ് മരക്കാർ, പി.എ. രഘു, കെ. ഹാരിസ്, എം.എ. അസൈനാർ, ജിനി തോമസ്, കെ.ബി. നസീമ, ബി. സുരേഷ് ബാബു, പോൾസണ്‍ കുവയ്ക്കൽ, സലിം മേമന, കെ.വി. പോക്കർ ഹാജി, അസീസ് കോറോം, സി. മൊയ്തുഹാജി എന്നിവർ പ്രസംഗിച്ചു. ഇന്നു രാവിലെയാണ് സമരം സമാപനം.