മാലിന്യമുക്തം നവകേരളം കാന്പയിനായി യൂത്ത് മീറ്റ് ഹരിത കർമ്മസേന
1394275
Tuesday, February 20, 2024 7:49 AM IST
മാനന്തവാടി: മാലിന്യ മുക്തം നവകേരള കാന്പയിനിന്റെ ഭാഗമായി യുവജനങ്ങളെ ബോധവത്ക്കരിക്കാൻ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ യൂത്ത് മീറ്റ് ഹരിത കർമ്മ സേന പരിപാടി ജില്ലയിൽ നടന്നു. തെരഞ്ഞെടുത്ത വിദ്യാർഥികൾക്ക് ഹരിതകർമ്മ സേനയുടെ പ്രവർത്തനങ്ങൾ നേരിട്ട് മനസിലാക്കാനും അവരോടൊപ്പം ഒരു ദിവസം പ്രവർത്തിക്കാനും കാന്പയിൻ അവസരമൊരുക്കി. ജില്ലയിൽ 88 യുവപ്രതിനിധികളും 40 ഹരിത കർമ്മസേനാ പ്രവർത്തകരുമാണ് പരിപാടിയിൽ പങ്കെടുത്തത്.
വിദ്യാർഥികൾ പല ഗ്രൂപ്പുകളായി തിരിഞ്ഞ് ഹരിതകർമ്മസേനയോടൊപ്പം ബത്തേരി നഗരസഭ പരിധിയിലെ വീടുകളിൽ നിന്നും മാലിന്യങ്ങൾ ശേഖരിച്ചു. ശേഖരിച്ച മാലിന്യങ്ങൾ തരംതിരിച്ച് ഏജൻസിയക്ക് കൈമാറി. ഹരിത കർമ്മ സേനയോടൊപ്പം വിദ്യാർഥികളെത്തിയത് വീട്ടുകാർക്കും നാട്ടുകാർക്കും കൗതുകമായി. ഹരിതകർമ്മസേനയുടെ ദൈനംദിന പ്രവർത്തനങ്ങൾ, നേരിടുന്ന വെല്ലുവിളികൾ, സാമൂഹ്യപ്രശ്നങ്ങൾ തുടങ്ങിയവയിൽ ആശയവിനിമയം നടത്തി.
വിദ്യാർഥികൾ അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കുവച്ചു. മാലിന്യ സംസ്കരണത്തിൽ ഹരിത കർമ്മസേനയുടെ ഇടപെടലും അതുവഴി അവർ സമൂഹത്തിന് നൽകുന്ന സംഭാവനകളും പൊതുജനങ്ങളിലെത്തിക്കാനാണ് കാന്പയിനിലൂടെ ലക്ഷ്യമിട്ടത്. യൂസർഫീ സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഹരിത കർമ്മസേന സമൂഹത്തിൽ നടത്തുന്ന പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അറിയിക്കുന്നതിനും യുവാക്കളെ പങ്കെടുപ്പിക്കുന്നതിലൂടെ സാധിച്ചു.
ബത്തേരി നഗരസഭയിൽ നടന്ന കാന്പയിനിന്റെ ഉദ്ഘാടനം ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ എസ്. ഹർഷൻ നിർവഹിച്ചു. ബത്തേരി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സണ് എൽസി പൗലോസ്, ക്ലീൻ സിറ്റി മാനേജർ കെ. സത്യൻ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സജീവ് കുമാർ, ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഷാമില ജുനൈസ്, ഹരിതകർമ്മസേന കോർഡിനേറ്റർ അൻസിൽ ജോണ്, ശുചിത്വ മിഷൻ പ്രോഗാം ഓഫീസർ കെ. അനൂപ് എന്നിവർ പ്രസംഗിച്ചു.