ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണം: രാഹുൽഗാന്ധി എംപി
1374979
Friday, December 1, 2023 7:43 AM IST
കൽപ്പറ്റ: മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന് രാഹുൽഗാന്ധി എംപി. കളക്ടറേറ്റ് എ.പി.ജെ ഹാളിൽ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നിർവഹണ പുരോഗതി അവലോകനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിലവിലുള്ള സൗകര്യങ്ങളും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗം ചർച്ച ചെയ്തു.
റോഡുകൾ, പാലങ്ങൾ തുടങ്ങി കേന്ദ്രവിഷ്കൃത പദ്ധതികളിൽ നടത്തുന്ന പ്രവൃത്തികളുടെ നിർവഹണം വേഗത്തിലാക്കണമെന്നു എംപി നിർദേശിച്ചു. താമരശേരി ചുരം റോഡ് വീതികൂട്ടൽ പ്രവൃത്തി വേഗത്തിലാക്കണമെന്ന് എംപി ദേശീയപാത അഥോറിറ്റി അധികൃതർക്ക് നിർദേശം നൽകി. ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ റോഡ് വീതികൂട്ടേണ്ടത് അനിവാര്യമാണെന്നു അദ്ദേഹം പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതി നിർവഹണത്തിൽ ജില്ല 99.59 ശതമാനം ലക്ഷ്യം കൈവരിച്ചതായും ഇത് സംസ്ഥാന ശരാശരിക്കൊപ്പമാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. പ്രധാനമന്ത്രി ആവാസ് യോജനയിൽ ജില്ലയിൽ അനുവദിച്ച വീടുകളുടെ നിർമാണ പുരോഗതി, അങ്കണവാടികളിലെ അടിസ്ഥാന സൗകര്യ വികസനം, വനിത-ശിശുക്ഷേമ പ്രവർത്തനങ്ങൾ, സ്വച്ഛ് ഭാരത് മിഷൻ പ്രവർത്തനങ്ങൾ, സർവ ശിക്ഷ കേരള പ്രവർത്തനങ്ങൾ എന്നിവയും അവലോകനം ചെയ്തു.
ജില്ലയിലെ ഗോത്രവിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും പഠന ഉന്നതിക്കുമുള്ള പ്രവർത്തനങ്ങൾ എസ്എസ്കെ അധികൃതർ വിശദീകരിച്ചു. ജില്ലാ കളക്ടർ ഡോ.രേണുരാജ് ദിശ നിർഹണ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.സി. വേണുഗോപാൽ എംപി, എംഎൽഎമാരായ ഐ.സി. ബാലകൃഷ്ണൻ, അഡ്വ.ടി. സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ തുടങ്ങിയവർ പങ്കെടുത്തു.