ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും
1374733
Thursday, November 30, 2023 8:13 AM IST
സുൽത്താൻ ബത്തേരി: ബത്തേരി സർവജന സ്കൂളിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി നടന്നുവരുന്ന 42-ാമത് ജില്ലാ സ്കൂൾ കലോൽസവം ഇന്ന് കൊടിയിറങ്ങും. കടുത്ത മത്സരം നടന്ന മൂന്നാം ദിനത്തിൽ 235 ഇനങ്ങൾ പൂർത്തിയായപ്പോൾ 804 പോയിന്റുമായി മാനന്തവാടി ഉപജില്ലയാണ് മുന്നിൽ.

787 പോയിന്റോടെ ബത്തേരി ഉപജില്ല രണ്ടാമതും 742 പോയിന്റോടെ വൈത്തിരി ഉപജില്ല മൂന്നാം സ്ഥാനത്തുമാണ്. സ്കൂൾ തലത്തിൽ 148 പോയിന്റോടെ മാനന്തവാടി എംജിഎം എച്ച്എസ്എസ് ആണ് മുന്നിൽ.
131 പോയിന്റുമായ മാനന്തവാടി ജിവിഎച്ച്എസ്എസ് രണ്ടാം സ്ഥാനത്തും 124 പോയിന്റോടെ പിണങ്ങോട് ഡബ്ല്യുഒഎച്ച്എസ്എസ് മൂന്നാം സ്ഥാനത്തുമാണ്.
കൽപ്പറ്റ എൻഎസ്എസ് 123 പോയിന്റുമായി നാലാം സ്ഥാനത്താണ്. യുപി സബ്ജില്ലാതലത്തിൽ മാനന്തവാടി 152 പോയിന്റുമായി മുന്നിട്ട് നിൽക്കുന്പോൾ 151 പോയിന്റുമായി വൈത്തിരിയും 148 പോയിന്റുമായി ബത്തേരിയും തൊട്ട് പിന്നിലുണ്ട്. ഇന്ന് 41 മത്സര ഇനങ്ങളാണ് പൂർത്തിയാകാനുള്ളത്.
കേരള നടനം: രണ്ടാം വർഷവും വിജയം അഭിനയ്ക്ക് സ്വന്തം
സുൽത്താൻ ബത്തേരി: മഹാഭാരതത്തിലെ കർണ ശബ്ദം പ്രമേയമാക്കി ഹയർ സെക്കൻഡറി വിഭാഗം കേരളനടന മത്സരത്തിൽ ഒന്നാം സ്ഥാനം കൈവരിച്ചിരിക്കുകയാണ് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ മുള്ളൻകൊല്ലി പ്ലസ്ടു വിദ്യാർഥിനിയായ അഭിന ശിവനന്ദൻ.

മൂന്നര വയസ് മുതൽ നൃത്തം പഠിക്കുന്ന അഭിന കഴിഞ്ഞ സംസ്ഥാനതല കേരള നടന മത്സരത്തിൽ എ ഗ്രേഡ് നേടിയിരുന്നു. പുൽപ്പള്ളി സ്വദേശികളായ ശിവാനന്ദന്റെയും നമിതയുടെയും മകളാണ് അഭിന.
ചിത്രാങ്കതനായി പുനരവതരിച്ച് ആവണി കൃഷ്ണ
സുൽത്താൻ ബത്തേരി: ഹൈസ്കൂൾ വിഭാഗം കേരള നടനത്തിൽ ചിത്രാങ്കതനായി കലാമേളയുടെ വേദിയിൽ ആവണികൃഷ്ണ പുനരവതരിച്ചപ്പോൾ സദസിൽ നിന്നുയർന്നത് കരഘോഷങ്ങളും ആർപ്പുവിളികളും. പെണ്കുട്ടിയെ ആണായി വളർത്തി അർജുനനുമായി യുദ്ധം ചെയ്യുന്നു.
യുദ്ധത്തിൽ മുറിവേറ്റ് കിടക്കുന്പോൾ താൻ ഒരു പെണ്ണുമായിട്ടാണ് യുദ്ധം ചെയ്തതെന്ന് അർജുനൻ തിരച്ചറിയുന്ന ഭാഗമാണ് വേദിയിൽ ആടിത്തിമിർത്തത്.
നടനശേഷം സംശയമേതുമില്ലാതെ വിധികർത്താക്കൾ ഒന്നാം സ്ഥാനവും എ ഗ്രേഡും നൽകിയപ്പോൾ സംസ്ഥാന കലാമേളയ്ക്ക് യോഗ്യത നേടി ആവണി. മാനന്തവാടി എംജിഎം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ആവണി കൃഷ്ണ.
ശബ്ദാനുകരണത്തിൽ ഇരട്ടിമധുരവുമായി കണിയാന്പറ്റ ജിഎംആർഎസ്
സുൽത്താൻ ബത്തേരി: നാൽപ്പത്തിരണ്ടാമത് ജില്ല സ്കൂൾ കലോത്സവം സമാപനത്തോടടുക്കുന്പോൾ മിമിക്രിയിൽ ഹൈസ്ക്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ വിജയം നേടിയ സന്തോഷത്തിലാണ് കണിയാന്പറ്റ ജിഎംആർഎസ്.
അഞ്ജലി സുരേഷും എം.എസ്. അനശ്വരയുമാണ് മിമിക്രിയിൽ ഒന്നാം സ്ഥാനം നേടിസ്കൂളിന് ഇരട്ടിമധുരം സമ്മാനിച്ചത്. ഹൈസ്ക്കൂൾ തലത്തിൽ അഞ്ജലി സുരേഷും ഹയർ സെക്കൻഡറി തലത്തിൽ എം.എസ്. അനശ്വരയുമാണ് ശബ്ദാനുകരണ കലയിൽ തിളങ്ങിയത്.
തുടർച്ചയായ് രണ്ടാം തവണയും സംസ്ഥാന തലത്തിലേക്ക് പോകുന്ന സന്തോഷത്തിലാണ് പ്ലസ് ടു വിദ്യാർഥിനി അനശ്വര. ആദ്യമായാണ് എട്ടാം ക്ലാസുകാരിയായ അഞ്ജലി സംസ്ഥാനതലത്തിലേക്ക് മത്സരിക്കാൻ തയാറെടുക്കുന്നത്.