മൈനോരിറ്റി എഡ്യുക്കേഷണൽ അക്കാദമി: രൂപരേഖ സർക്കാരിന് സമർപ്പിച്ചു
1374498
Wednesday, November 29, 2023 8:40 AM IST
കൽപ്പറ്റ: വിദ്യാഭ്യാസരംഗത്ത് മത ന്യൂനപക്ഷങ്ങളുടെ പ്രാധാന്യം വർധിപ്പിക്കുന്നതിനു മൈനോരിറ്റി എഡ്യുക്കേഷണൽ അക്കാദമി ആരംഭിക്കുന്നതിനു വിശദമായ രൂപരേഖ തയാറാക്കി സർക്കാരിന് സമർപ്പിച്ചതായി സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ.എ.എ. റഷീദ്.
കളക്ടറേറ്റിൽ സിറ്റിംഗിനുശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ്, വിദ്യാഭ്യാസത്തിന് സഹായം, ഉദ്യോഗാർഥികൾക്ക് പരിശീലനം എന്നിവയാണ് അക്കാദമിലൂടെ ലക്ഷ്യമിടുന്നത്. ജില്ലകളിൽ പ്രവർത്തിക്കുന്ന മൈനോരിറ്റി കേന്ദ്രങ്ങൾ അക്കാദമിയുടെ ഭാഗമാക്കും.
സൂക്ഷ്മ ന്യൂനപക്ഷ (ബുദ്ധ,ജൈന,പാഴ്സി, സിഖ്) വിഭാഗങ്ങളുടെ ജീവിതനിലവാരവും സാമൂഹിക-വിദ്യാഭ്യാസ പശ്ചാത്തലവുമായി ബന്ധപ്പെട്ട വ്യക്തമായ വിവരശേഖരണത്തിന് കേരള മീഡിയ അക്കാദമിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രണ്ടു മാസത്തിനകം റിപ്പോർട്ട് ലഭിക്കും. സൂക്ഷ്മ ന്യൂനപക്ഷ വിഭാഗങ്ങളുടെ സംസ്ഥാനതല യോഗം ഡിസംബർ 20ന് എറണാകുളം ഗവ.റസ്റ്റ്ഹൗസിൽ ചേരും. കമ്മീഷൻ ഇന്നുരാവിലെ 10ന് വയനാട് മുസ്ലിം ഓർഫനേജ് സന്ദർശിക്കും.
ഓർഫനേജ് അധികൃതരുടെ നിവേദനത്തിൽ പറയുന്ന കാര്യങ്ങൾ വിലയിരുത്തി തുടർനടപടികൾ സ്വീകരിക്കും. ഇതിനകം രണ്ടുതവണ ജില്ലയിൽ സന്ദർശനം നടത്തിയ കമ്മീഷൻ ന്യൂനപക്ഷ ക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകിവരികയാണ്. പ്രഫഷണൽ കോഴ്സുകൾക്കു പ്രവേശനം ലഭിച്ച വിദ്യാർഥികൾ വിദ്യാഭ്യാസ വായ്പയ്ക്കു സമീപിക്കുന്പോൾ മാർക്ക് പരിശോധിക്കാൻ ബാങ്കുകൾക്ക് അധികാരമില്ല.
ഇക്കാര്യത്തിൽ കമ്മീഷൻ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെ സമഗ്ര വിദ്യാഭ്യാസ പുരോഗതിക്കും ക്ഷേമത്തിനും സംരക്ഷണത്തിനും ശക്തീകരണത്തിനുമാണ് കമ്മീഷൻ നിലകൊള്ളുന്നത്. ജൈന വിഭാഗത്തിൽപ്പെട്ടവർ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച പരാതിയിൽ മൂന്നുമാസത്തിനകം നടപടി സ്വീകരിച്ച് അറിയിക്കാൻ സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജൈന വിഭാഗത്തിൽപ്പെട്ടവർക്ക് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്നില്ലെന്നാണ് പരാതിയുള്ളത്. കമ്മീഷൻ പ്രവർത്തനങ്ങളിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനു വ്യാഴാഴ്ച രാവിലെ 10ന് മുട്ടിൽ മുസ്ലിം ഓർഫനേജിൽ സെമിനാർ സംഘടിപ്പിക്കും. പൊതുജനങ്ങളിൽനിന്നു ന്യൂനപക്ഷ വിഭാഗങ്ങളുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുമെന്നും ചെയർമാൻ പറഞ്ഞു.