‘തിരികെ സ്കൂളിലേക്ക്’: ജില്ലാതല ഉദ്ഘാടനം ഇന്ന് വൈത്തിരിയിൽ
1339735
Sunday, October 1, 2023 8:03 AM IST
കൽപ്പറ്റ: അയൽക്കൂട്ടം അംഗങ്ങൾക്ക് വിവിധ വിഷയങ്ങളിൽ ക്ലാസ് നൽകുന്നതിന് കുടുംബശ്രീ മിഷൻ നടപ്പാക്കുന്ന ’തിരികെ സ്കൂളിലേക്ക്’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് വൈത്തിരി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വനം മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിക്കും.
അന്ന് ജില്ലയിലെ 26 സിഡിഎസിലും പ്രവേശനോത്സവം സംഘടിപ്പിക്കുമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പി.കെ. ബാലസുബ്രഹ്മണ്യൻ, അസിസ്റ്റന്റ് കോ ഓർഡിനേറ്റർമാരായ വി.കെ. റെജീന, കെ.എം. സെലീന, ജില്ലാ പ്രോഗ്രാം മാനേജർ പി.കെ. സുഹൈൽ, വൈത്തിരി സിഡിഎസ് ചെയർപേഴ്സണ് ഷാജിമോൾ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കുടുംബശ്രീ സംഘടനാ സംവിധാനം, സൂക്ഷ്മ സാന്പത്തിക പ്രവർത്തനങ്ങൾ, ജെൻഡർ, നൂതന ഉപജീവന മാർഗങ്ങൾ, ഡിജിറ്റൽ ലിറ്ററസി എന്നിവയിലാണ് അയൽക്കൂട്ടം അംഗങ്ങൾക്ക് ക്ലാസ് നൽകുന്നത്. ഡിസംബർ 10 വരെ വിവിധ ദിവസങ്ങളിലായി ഒന്നര ലക്ഷം കുടുംബശ്രീ അംഗങ്ങൾ ക്ലാസിൽ പങ്കെടുക്കും. ഇതിനായി 135 വിദ്യാലയങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഒരു ദിവസം ഒരു സ്കൂളിൽ 750-1,000 അയൽക്കൂട്ടം അംഗങ്ങളാണ് ക്ലാസിൽ പങ്കെടുക്കുക. ഒരു ക്ലാസ് മുറിയിൽ 50 വരെ പഠിതാക്കൾ ഉണ്ടാകും. ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിന് 405 റിസോഴ്സ് പേഴ്സണ്മാർക്ക് പരിശീലനം നൽകിയിട്ടുണ്ട്. ഓരോ വിദ്യാലയത്തിലും അസംബ്ലി, കുടുംബശ്രീ മുദ്രഗീതാലാപനം എന്നിവയ്ക്കു ശേഷമാണ് ക്ലാസ് ആരംഭിക്കുക.