ക്രാഷ് ഗാർഡ് ഫെൻസിംഗ് പ്രവർത്തികൾ ആരംഭിച്ചു
1339169
Friday, September 29, 2023 1:45 AM IST
മാനന്തവാടി: കാർഷിക മേഖലയ്ക്ക് പ്രതീക്ഷയേകി ക്രാഷ് ഗാർഡ് ഫെൻസിംഗ് പ്രവർത്തികൾ ആരംഭിച്ചു.
മാനന്തവാടി നഗരസഭ പരിധിയിലെ കൂടൽക്കടവ് മുതൽ പുഴയരികിലൂടെ തിരുനെല്ലി പഞ്ചായത്ത് അതിർത്തിയായ പാൽവെളിച്ചം വരെ 4.680 കിലോമീറ്ററാണ് ക്രാഷ് ഗാർഡ് ഫെൻസിംഗ് നടത്തുക. ഇതിനായി 3.60 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
108 കിലോ ഭാരമുള്ള 250 ഇരുന്പ് തൂണുകളിലായാണ് ഫെൻസിംഗ് സ്ഥാപിക്കുക. കാർഷിക ഭൂരിപക്ഷ മേഖലകളായ കൂടൽക്കടവ് ചാലിഗദ്ധ, കുറുവ ദ്വീപ്, പാൽ വെളിച്ചം എന്നീ വിടങ്ങളിൽ വന്യമൃഗശല്യം രൂക്ഷമാണ്.
വർഷങ്ങൾക്ക് മുന്പ് പ്രദേശങ്ങളിൽ വൈദ്യുതി ഫെൻസിംഗ് സ്ഥാപിച്ചിരുന്നെങ്കിലും കാട്ടാനകൾ നശിപ്പിച്ചു. പിന്നീടിങ്ങോട്ടുള്ള വർഷങ്ങളിൽ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യത്തിലായിരുന്നു കാർഷിക ജനത.
2018 ൽ ക്രാഷ് ഗാർഡ് ഫെൻസിംഗ് സ്ഥാപിക്കാൻ തീരുമാനിച്ചെങ്കിലും സാങ്കേതികത്വങ്ങളിൽ കുരുങ്ങി പദ്ധതി നിലയ്ക്കുകയായിരുന്നു. കുറുവ ദ്വീപ് വഴി കബനി പുഴകടന്നെത്തുന്ന കാട്ടാനകളാണ് ഇവിടങ്ങളിൽ വ്യാപക കൃഷി നാശം വരുത്തുന്നത്.
വന്യമൃഗശല്യത്തെത്തുടർന്ന് ഏക്കർ കണക്കിന് നെൽവയലുകളാണ് തരിശായിട്ടിരിക്കുന്നത്. വാഹനങ്ങൾ, വീടുകൾ എന്നിവയ്ക്ക് നേരെയും ആക്രമണങ്ങളുണ്ടാറുകുണ്ട്. അഞ്ച് വർഷം മുന്പ് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തു.
പദ്ധതി കാർഷിക മേഖലയ്ക്ക് ഏറെ ഗുണകരമായി മാറുമെന്ന് നിർമാണ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
പദ്ധതി പ്രാവർത്തികമാകുന്നതോടെ വർഷങ്ങളായുള്ള വന്യമൃഗശല്യത്തിന് ഒരു പരിധിവരെ പരിഹാരം കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ് അധികൃതരും. രണ്ട് മാസത്തിനുള്ളിൽ പ്രവർത്തികൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.