പച്ചത്തേയില വിലത്തകർച്ച: ഗൂഡല്ലൂരിൽ നിരാഹാരസമരം നടത്തി
1338590
Wednesday, September 27, 2023 12:59 AM IST
ഗൂഡല്ലൂർ: ചെറുകിട തേയില കർഷക കൂട്ടായ്മയുടെ(ഫെസ്റ്റ) നേതൃത്വത്തിൽ ഗാന്ധിമൈതാനിയിൽ നിരാഹാരസമരം നടത്തി.
പച്ചത്തേയില കിലോഗ്രാമിനു 33.75 രൂപയെങ്കിലും വില ലഭ്യമാക്കുക, വില വർധിപ്പിക്കുന്നതുവരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി കിലോഗ്രാമിനു അഞ്ച് രൂപ സബ്സിഡി നൽകുക, പട്ടയം ഇല്ലാത്ത കർഷകർക്കും സർക്കാർ ആനുകൂല്യം അനുവദിക്കുക, തേയില ബോർഡും സംസ്ഥാന കൃഷി വകുപ്പും കർഷകർക്ക് നൽകിവരുന്ന സഹായം തടയുന്നതിനു വനം വകുപ്പ് സ്വീകരിച്ച നടപടികൾ പിൻവലിക്കുക, വളങ്ങളും കീടനാശിനികളും സബ്സിഡി നിരക്കിൽ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
അഡ്വ. പൊൻ ജയശീലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഷാജി ചെളിവയൽ അധ്യക്ഷത വഹിച്ചു. എൽ. പദ്മനാഭൻ, ഇ.പി. ഗണപതി, മുരുകൻ, ഹസൈനാർ, സി.കെ. മണി, എസ്.കെ. രാജ് എന്നിവർ പ്രസംഗിച്ചു. പച്ചത്തേയിലയ്ക്ക് ഉത്പാദനച്ചെലവിന് ആനുപാതികമായ വില ലഭിക്കാത്തതിനാൽ കർഷകർ പ്രതിസന്ധിയിലാണ്.
പ്രശ്നപരിഹാരത്തിന് അധികാരികളുടെ ഭാഗത്ത് നടപടി ഉണ്ടാകുന്നില്ല. തേയിലത്തോട്ടങ്ങളിൽ ജോലി ചെയ്ത് ഉപജീവനം നടത്തുന്ന ആയിരക്കണക്കിന് തോട്ടം തൊഴിലാളികളും ചപ്പിനു മതിയായ വില ലഭിക്കാത്തതിന്റെ തിക്തഫലം അനുഭവിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സമരം സംഘടിപ്പിച്ചതെന്നു ഫെസ്റ്റ ഭാരവാഹികൾ പറഞ്ഞു.