ജലസേചനത്തിനു ഉപയോഗിച്ച വൈദ്യുതി ബില്ലടയ്ക്കാൻ നോട്ടീസ്
1338120
Monday, September 25, 2023 1:03 AM IST
മാനന്തവാടി: ജലസേചനത്തിനു ഉപയോഗിച്ച വൈദ്യുതിയുടെ ബിൽ അടയ്ക്കാൻ പാടശേഖര സമിതികൾക്കും കർഷകർക്കും നോട്ടീസ്.
15,000 മുതൽ 25,000 വരെ രൂപ അടയ്ക്കണമെന്നാണ് നോട്ടീസിൽ. ജലസേചനത്തിനു പാടശേഖര സമിതികളും വ്യക്തികളും എടുത്ത വൈദ്യുതി കണക്ഷന്റെ ബില്ല് കൃഷി വകുപ്പണ് അടച്ചിരുന്നത്. 2020 മാർച്ച് 16 മുതൽ 2021 ജൂലൈ 14 വരെയുളള ബിൽ കുടിശികയാണെന്നാണ് നോട്ടീസിൽ പറയുന്നത്.
കെഎസ്ഇബിയുടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ പലിശ ഒഴിവാക്കി ബിൽ അടയ്ക്കാനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്നും കണക്ഷൻ വിച്ഛേദിക്കാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും നോട്ടീസിൽ നിർദേശമുണ്ട്.
ബിൽ ഒഴിവാക്കണമെന്നു കെഎസ്ഇബിയോടു ആവശ്യപ്പെടാനുള്ള ഒരുക്കത്തിലാണ് പാടശേഖര സമിതി ഭാരവാഹികളും കർഷകരും.