ഗൂഡല്ലൂരിൽ 2016 ഒക്ടോബർ 20ന് ശേഷം രജിസ്റ്റർ ചെയ്ത ആധാരങ്ങൾ അസാധുവായി
1338119
Monday, September 25, 2023 1:03 AM IST
ഗൂഡല്ലൂർ: സബ് രജിസ്റ്റർ ഓഫീസിൽ കഴിഞ്ഞ വർഷങ്ങളിലായി രജിസ്റ്റർ ചെയ്ത സാധാരണക്കാരുടെ ആധാരങ്ങളിൽ ആയിരത്തോളം ആധാരങ്ങൾ അസാധുവാണെന്ന് സൂചന.
ഗൂഡല്ലൂരിൽ പ്രവർത്തിക്കുന്ന ലീഗൽ ഫോറം ഫോർ റൈറ്റ്സ് ഓഫ് പ്രോപ്പർട്ടി ഭാരവാഹികളാണ് നീലഗിരി ജില്ലാ രജിസ്ട്രാർ ഇക്കാര്യം സൂചിപ്പിച്ചത്. അഞ്ച് വർഷത്തോളമായി ടിസിപി നിയമത്തിന്റെ (ടൗണ്‍ ആൻഡ് കണ്ട്രി പ്ലാനിംഗ് റൂൾസ്) പേരിൽ നടന്നു വരുന്ന ആശയകുഴപ്പത്തിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു ഗുരുതരമായ പ്രശ്നം ഉയർന്നത്.
നൂറുകണക്കിന് ഏക്കർ കൃഷി ഭൂമികൾ നശിപ്പിച്ച് പാർപ്പിട സ്ഥലങ്ങളായി മാറ്റി കോടികൾ കൊയ്യുന്ന റിയൽ എസ്റ്റേറ്റ് മാഫിയകളെ നിയന്ത്രിക്കുക എന്ന ഉദ്ദേശത്തോടെ 2016ൽ ചെന്നൈ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൽ കൃഷി ഭൂമികൾ ലേ ഔട്ടുകളായി മുറിച്ചു വിൽക്കുന്നതിന് ഡിടിസിപി അഥവാ ഡയറക്ടറേറ്റ് ഓഫ് ടൗണ്‍ ആൻഡ് കണ്ട്രി പ്ലാനിംഗ് വകുപ്പിന്റെ അപ്രൂവൽ വാങ്ങണമെന്ന നിയമം കർശനമാക്കി.
തുടർന്ന് ഇത്തരത്തിൽ ഇപ്രൂവൽ ഇല്ലാതെ ഭൂമി മുറിച്ചു വിൽക്കപ്പെടുന്ന ഭൂമികൾ രജിസ്ട്രേഷൻ നടത്തരുതെന്ന് കർശന നിർദേശം രജിസ്ട്രേഷൻ വകുപ്പിന് നൽകി. എന്നാൽ നീലഗിരി ജില്ലയിൽ കൃഷി ഭൂമികൾ വൻകിട തേയില തോട്ടങ്ങളാണെന്നിരിക്കെ ഇവിടെ ലേ ഔട്ടുകൾക്ക് അപ്രൂവൽ നൽകാൻ കഴിയില്ലെന്നാണ് ജില്ലയിലെ ഡിടിസിപി വകുപ്പിന്റെ നിലപാട്.
സാധാരണക്കാരുടെ 10 സെന്റ് മുതൽ 50 സെന്റ് വരെയുള്ള ഭൂമികൾ മുറിച്ചു വിൽക്കുന്നതിന് ഡിടിസിപി അപ്രൂവൽ ആവശ്യമില്ലെന്ന് മനസിലാക്കിയ പല സബ് രജിസ്ട്രാറുകളും ചെറുകിട ഭൂമി മുറിച്ചു വിറ്റത് രജിസ്ട്രേഷൻ ചെയ്തിരുന്നു.
രജിസ്ട്രേഷൻ വകുപ്പിലെ ഓഡിറ്റിംഗ് സെക്ഷനിലെ ഉയർന്ന ഉദ്യോഗസ്ഥർ ജില്ലയിലെ രജിസ്ട്രേഷൻ ഓഫീസുകളിൽ പരിശോധന നടത്തുകയും ഇത്തരത്തിൽ വിൽപ്പന നടത്തിയ ചെറുകിടക്കാരുടെ സ്ഥലങ്ങൾക്കും ഡിടിസിപി നിയമം ബാധകമാണെന്ന് ഉത്തരവ് പുറപ്പെടുവിച്ച 2016 ഒക്ടോബർ 20ന് ശേഷം രജിസ്റ്റർ ചെയ്ത എല്ലാ ആധാരങ്ങളും കണക്കെടുത്ത് അവ മുഴുവനും അസാധുവാണെന്ന് റിപ്പോർട്ട് നൽകി.
ഇത്തരത്തിൽ ആയിരത്തോളം ആധാരങ്ങളാണ് ഗൂഡല്ലൂർ സബ് രജിസ്ട്രാർ ഓഫീസിൽ റിപ്പോർട്ട് ചെയ്തത്. ഈ ആധാരങ്ങളിൽപെട്ട സ്ഥലങ്ങൾ വീണ്ടും മുറിച്ചു വിൽക്കാനായി ജനങ്ങൾ രജിസ്ട്രാറെ സമീപിച്ചപ്പോഴാണ് രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ് തിരിച്ചയയ്ച്ചത്.
ടിഎൻപിപിഎഫ് ആക്ടിന്റെ പേരിൽ കഴിഞ്ഞ 13 വർഷമായി ഗൂഡല്ലൂർ മണ്ഡലത്തിലെ സാധാരണക്കാരുടെ അടിസ്ഥാന അവകാശങ്ങൾ തടഞ്ഞു വച്ചിരിക്കുകയാണ്. ഈ നിയമത്തിന്റെ കീഴിൽ തെറ്റായി ചേർത്തിട്ടുള്ള അഞ്ച് ഏക്കറിന് താഴെയുള്ള ഭൂമികൾ ഈ പട്ടികയിൽ നിന്നും ഒഴിവാക്കുന്നതിനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്ത് നടക്കുന്നുണ്ട്.