കേളക്കവലയിൽ കടുവയുടെ സാന്നിധ്യം: വനം വകുപ്പ് തെരച്ചിൽ നടത്തി
1337263
Thursday, September 21, 2023 7:57 AM IST
പുൽപ്പള്ളി: പഞ്ചായത്തിലെ കേളക്കവലയിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടതിനെ തുടർന്ന് വനംപാലകർ തെരച്ചിൽ നടത്തി. കഴിഞ്ഞ രണ്ട് ദിവസമായി കേളക്കവല പ്രദേശത്ത് കടുവയുടെ സാന്നിധ്യം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ തെരച്ചിൽ ആരംഭിച്ചത്. രണ്ട് ദിവസം മുന്പ് കളനാടിക്കൊല്ലിയിൽ കാട്ടുപന്നിയെ കടുവ കൊന്നിരുന്നു.
ഇതേത്തുടർന്നാണ് ചെതലയം റേഞ്ച് ഓഫീസർ അബ്ദുൾ സമദിന്റെ നേതൃത്വത്തിൽ ആർആർടി ഉൾപ്പെടെയുള്ള വനപാലകർ വിവിധ സംഘങ്ങളായി തിരിഞ്ഞ് തെരച്ചിൽ നടത്തുന്നത്.
കേളക്കവല, ഷെഡ്, റേഷൻകട, കളനാടിക്കൊല്ലി എന്നിവിടങ്ങളിലാണ് തെരച്ചിൽ നടത്തിയത്.
കഴിഞ്ഞ ഒരു വർഷത്തോളമായി ഈ മേഖലയിൽ കടുവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു ചേപ്പില, എരിയപ്പള്ളി, ആടിക്കൊല്ലി, പ്രദേശങ്ങളിലും ഒരു മാസം മുന്പ് കർഷകരുടെ വളർത്തുമൃഗങ്ങളുൾപ്പടെ കടുവയുടെ ആക്രമണത്തിനിരയായിരുന്നു. ഇതേത്തുടർന്ന് ചേപ്പിലയിൽ വനം വകുപ്പ് സ്ഥാപിച്ച കാമറയിൽ കടുവയുടെ ചിത്രവും പതിഞ്ഞിരുന്നു.
കടുവ ശല്യം കാരണം പ്രദേശത്തെ ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നും അടിയന്തരമായി കടുവയെ കൂട് വച്ച് പിടികൂടാൻ വനം വകുപ്പ് തയാറാകണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.