ബ്രഹ്മഗിരി സൊസൈറ്റി വെട്ടിപ്പ് : കോണ്ഗ്രസ് സമരം ശക്തമാക്കും
1336760
Tuesday, September 19, 2023 8:02 AM IST
സുൽത്താൻ ബത്തേരി: ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയും സിപിഎമ്മും കോടിക്കണക്കിന് രൂപ കൈക്കലാക്കി സ്ഥാപനം മുച്ചൂടും നശിപ്പിച്ചിരിക്കുകയാണെന്ന് ജില്ലാ കോണ്ഗ്രസ് കമ്മിറ്റി അധ്യക്ഷൻ എൻ.ഡി. അപ്പച്ചൻ.
ചെറുകിട സഹകരണ സംഘങ്ങളിൽ നിന്നും കുടുംബശ്രീ അംഗങ്ങളിൽ നിന്നും ഉദ്യോഗസ്ഥരുടെ റിട്ടയർമെന്റ് ആനുകൂല്യങ്ങളിൽ നിന്നും ഭീഷണിപ്പെടുത്തിയും അല്ലാതെയുമാണ് കോടിക്കണക്കിന് രൂപ സൊസൈറ്റിയിൽ നിക്ഷേപിച്ചത്. കേവലം ചാരിറ്റബിൾ സൊസൈറ്റി മാത്രമായ ഈ സൊസൈറ്റി വിവിധ പദ്ധതികൾ തയാറാക്കി നിരവധി വ്യക്തികളെയും പ്രലോഭിപ്പിച്ച് നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്.
ആസ്തിമൂല്യം പെരുപ്പിച്ച് കാട്ടിയും വ്യാജ ചെലവുകൾ എഴുതിയും മറ്റും ബ്രഹ്മഗിരി സൊസൈറ്റി ഡയറക്ടർമാരും സിപിഎം നേതാക്കളും കരുവന്നൂരിനെ നാണിപ്പിക്കും വിധം വൻ സാന്പത്തിക കൊള്ളയാണ് ബ്രഹ്മഗിരി സൊസൈറ്റിയിൽ നടത്തിയിട്ടുള്ളത്.
സൊസൈറ്റി ആസ്തികൾക്ക് ലക്ഷങ്ങൾ ബാങ്ക് വായ്പയെടുത്തതിനാൽ ജപ്തിഭീഷണിയിലാണ്. ആസ്തികൾക്ക് യഥാർത്ഥ വിപണിമൂല്യം കണക്കാക്കിയാൽ നിക്ഷേപകർക്ക് നയാപൈസപോലും ലഭിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്. മാത്രമല്ല കേരള ബജറ്റിലൂടെ ജനങ്ങളുടെ നികുതിപ്പണം രണ്ട് പ്രാവശ്യമായി കോടി കണക്കിന് രൂപ ഗ്രാൻഡായും ലഭിച്ചിട്ടുണ്ട്. അതോടൊപ്പം കേന്ദ്ര സർക്കാരിൽ നിന്നും ഇതര ഏജൻസികളിൽ നിന്നും ഭീമമായ തുക സൊസൈറ്റി ഭാരവാഹികളായ സിപിഎം നേതാക്കൾ കൈക്കലാക്കിയിട്ടുണ്ട്.
പല സഹകരണ സംഘങ്ങളും കേരള സഹകരണ സംഘം നിയമത്തിനും ചട്ടങ്ങൾക്കും വിരുദ്ധമായാണ് ബ്രഹ്മഗിരി സൊസൈറ്റിയിൽ പണം നിക്ഷേപിച്ചിട്ടുള്ളത്.
ഭരണകക്ഷി നേതാക്കൾ അധികാര ദുർവിനിയോഗം നടത്തിയും ഭീഷണിപ്പെടുത്തിയുമാണ് സൊസൈറ്റിയിൽ വലിയ നിക്ഷേപം സമാഹരിച്ചിട്ടുള്ളത്. സാധാരണക്കാരായ നിക്ഷേപകരിൽ പലരും നിക്ഷേപം തിരിച്ചുകിട്ടാതെ ആത്മഹത്യാമുനന്പിലാണ്. നിക്ഷേപകരിൽ പലരും ജില്ലാ കളക്ടറുൾപ്പടെയുള്ള ബന്ധപ്പെട്ട മറ്റ് അധികാരികൾക്കും പരാതി നൽകിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ സൊസൈറ്റി പാപ്പരാകുന്നതിന് മുന്പ് കുറ്റക്കാരെ നിയമത്തിന് മുന്പിലെത്തിച്ച് തട്ടിപ്പുകാരിൽ നിന്ന് പാവപ്പെട്ടവരുടെ നിക്ഷേപ തുകയും പലിശയും കണ്ടെത്തി വസൂലാക്കണമെന്ന് എൻ.ഡി. അപ്പച്ചൻ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഇന്ത്യൻ നാഷണൽ കോണ്ഗ്രസിന്റെ നേതൃത്വത്തിൽ നിക്ഷേപകരെ ഉൾപ്പെടുത്തി അതിശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.