പട്ടികജാതി പ്രമോട്ടർമാർക്ക് ഡിജിറ്റൽ സർവേ പരിശീലനം നൽകി
1336272
Sunday, September 17, 2023 7:26 AM IST
കൽപ്പറ്റ: പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെട്ട കുടുംബങ്ങളുടെയും സങ്കേതങ്ങളുടെയും വിവരശേഖരണത്തിനു സംസ്ഥാന വ്യാപകമായി നടത്തുന്ന ഡിജിറ്റൽ സർവേയ്ക്ക് മുന്നോടിയായി ജില്ലയിലെ എസ്സി പ്രമോട്ടർമാർക്ക് പരിശീലനം നൽകി. സിവിൽ സ്റ്റേഷൻ എ.പി.ജെ ഹാളിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗം കെ. വിജയൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സിന്ധു ശ്രീധരൻ, ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ. മനോഹരൻ, അസി.ജില്ലാ പട്ടികജാതി വികസന ഓഫീസർ ജി. ശ്രീകുമാർ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ എ.പി. നിർമൽ എന്നിവർ പ്രസംഗിച്ചു. മാനന്തവാടി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ അനീഷ് ജോസ് പരിശീലനത്തിന് നേതൃത്വം നൽകി.
2010ൽ കിലയുടെ നേതൃത്വത്തിൽ നടത്തിയ സർവേ പ്രകാരം ക്രോഡീകരിച്ച വിവരങ്ങളാണ് വിവിധ പദ്ധതികളുടെ ആസൂത്രണവുമായി ബന്ധപ്പെട്ട് പട്ടികജാതി വികസന വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഉപയോഗിക്കുന്നത്. ഇതിനെ പരിഷ്കരിക്കുകയാണ് സർവേ ലക്ഷ്യം. ഡിജിറ്റൽ സർവേയിലൂടെയുള്ള വിവരങ്ങൾ പദ്ധതി ആസൂത്രണത്തിന് പിന്തുണയാകും.