പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പ്; പ്രത്യേക സംഘം അന്വേഷണം തുടങ്ങി
1300458
Tuesday, June 6, 2023 12:22 AM IST
കൽപ്പറ്റ: പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ മുൻ കോണ്ഗ്രസ് ഭരണസമിതിയുടെ കാലത്തു വായ്പ വിതരണത്തിൽ നടന്ന ക്രമക്കേടുകളെക്കുറിച്ച് പ്രത്യേക സംഘം അന്വേഷണം തുടങ്ങി. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാർ ടി. അയ്യപ്പൻനായരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് അന്വേഷണം ആരംഭിച്ചത്. വായ്പ ക്രമക്കേടുകളെത്തുടർന്നു കടക്കെണിയിൽ അകപ്പെട്ട് കേളക്കവല ചെന്പകമൂലയിലെ കർഷകൻ രാജേന്ദ്രൻ നായർ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിൽ സഹകരണ മന്ത്രി നിർദേശിച്ചതനുസരിച്ച് സഹകരണ രജിസ്ട്രാർ സഹകരണ നിയമത്തിലെ വകുപ്പ് 66(1) പ്രകാരം ഉത്തരവിറക്കിയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.
വായ്പ വിതരണത്തിലെ ക്രമക്കേടുകൾ, ബാങ്കിന്റെ ആസ്തി-ബാധ്യതകൾ, ബാങ്കിന്റെ പൊതുഫണ്ട് ദുർവിനിയോഗം എന്നിവ അന്വേഷണ വിഷയങ്ങളാണ്. ഇന്നലെ രാവിലെ 11 ഓടെയാണ് അന്വേഷണ സംഘം ബാങ്കിലെത്തിയത്. 2017-18 മുതൽ 2022-23 വരെ വിതരണം ചെയ്ത വായ്പകളുമായി ബന്ധപ്പെട്ട രേഖകളാണ് സംഘം പരിശോധിക്കുക. അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകുന്നതിനു സംഘത്തിനു ഒരു മാസത്തെ സാവകാശമുണ്ട്. പ്രാഥമിക പരിശോധനയാണ് തുടങ്ങിയതെന്ന് ഡെപ്യൂട്ടി രജിസ്ട്രാർ ടി. അയ്യപ്പൻ നായർ പറഞ്ഞു.
വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ബാങ്ക് മുൻ പ്രസിഡന്റ് കെ.കെ. ഏബ്രഹാം, സെക്രട്ടറി കെ.ടി. രമാദേവി എന്നിവർ റിമാൻഡിലാണ്. രാജേന്ദ്രൻ നായരുടെ ആത്മഹ്യയുടെ പശ്ചാത്തലത്തിലാണ് ഇവർ അറസ്റ്റിലായത്.
വായ്പ തുക നൽകാതെ കബളിപ്പിച്ചുവെന്ന് ആരോപിച്ച് പുൽപ്പള്ളിയിലെ ഡാനിയേൽ-സാറാക്കുട്ടി കർഷക ദന്പതികൾ 2022 ഒക്ടോബറിൽ നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ബാങ്ക് മുൻ പ്രസിഡന്റിനെയും സെക്രട്ടറിയെയും പോലീസ് അറസ്റ്റു ചെയ്തത്. ഏബ്രഹാമിനെതിരേ ആത്മഹത്യ പ്രേരണയ്ക്കും കേസുണ്ട്. വായ്പ തട്ടിപ്പുകളിൽ ഇടനിലക്കാരനായിരുന്ന പുൽപ്പള്ളി സ്വദേശി കൊല്ലപ്പള്ളി സജീവനും കേസിൽ പ്രതിയാണ്. ഒളിവിലുള്ള ഇയാളെ പിടികൂടുന്നതിനു പോലീസ് ഊർജിത ശ്രമത്തിലാണ്.
ഏബ്രഹാമും രമാദേവിയും വെവ്വേറെ നൽകിയ ജാമ്യാപേക്ഷ ജില്ലാ കോടതിയുടെ പരിഗണനയിലാണ്. കെപിസിസി ജനറൽ സെക്രട്ടറി പദവിയിലിരിക്കെയാണ് ഏബ്രഹാം അറസ്റ്റിലായത്. റിമാൻഡിലായതിനെത്തുടർന്ന് അദ്ദേഹം പാർട്ടി പദവി രാജിവച്ചിരുന്നു.
വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട വിജിലൻസ് കേസിലും ഏബ്രഹാമും രമേദേവിയും പ്രതികളാണ്. ബാങ്ക് മുൻ ഡയറക്ടർമാരും ജീവനക്കാരും അടക്കം കേസിൽ എട്ട് പ്രതികൾ വേറെയും ഉണ്ട്. 2019ൽ അന്വേഷണം പൂർത്തിയായ കേസിൽ വിജിലൻസ് വയനാട് യൂണിറ്റ് കഴിഞ്ഞ ദിവസമാണ് തലശേരി വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
2015-16ൽ ബാങ്കിൽ നടന്ന ഇടപാടുകളിൽ ബിനാമി വായ്പ ഉൾപ്പെടെ ക്രമക്കേടുകൾ നടന്നതായി മുന്പ് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വായ്പ ക്രമക്കേടുകളിലൂടെ ബാങ്കിനു 8.3 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി സഹകരണ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ തെളിയുകയുണ്ടായി. ഈ തുക ബന്ധപ്പെട്ടവരിൽനിന്നു തിരിച്ചുപിടിക്കുന്നതിനു സഹകരണ വകുപ്പ് ഉത്തരവായ സർചാർജ് നടപടികൾക്കെതിരേ ഏബ്രഹാമും മറ്റും ഹൈക്കോടതിയിൽ നൽകിയ ഹരജി തീർപ്പായിട്ടില്ല. അസിസ്റ്റൻറ് രജിസ്ട്രാർ വി. അരുൺ, സജി കുമാർ, രാജാറാം, പി. ജ്യോതിഷ്കുമാർ, എം. ബബീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.