വൃക്ഷമുത്തച്ഛനെ സംരക്ഷിക്കണമെന്ന്
1300197
Monday, June 5, 2023 12:02 AM IST
പാലിയാണ: പരിസ്ഥിതി ദിനാചരണങ്ങൾ വൃക്ഷത്തൈ നടീലിന്റെ ആഘോഷങ്ങളായി മാറുമ്പോൾ നൂറ്റാണ്ടുകളുടെ ആയുസ് അവകാശപ്പെടാവുന്ന വൃക്ഷമുത്തച്ഛൻമാരെ സംരക്ഷിക്കാൻ ഭരണതല ഇടപെടലുകൾ വേണമെന്ന് പാലിയാണ പൗരസമിതി ആവശ്യപ്പെട്ടു.
പാതവികസനത്തിന്റെയും നിർമണ പ്രവർത്തനങ്ങളുടെയും ഭാഗമായി സർക്കാർ ഭൂമിയിലെ വൻമരങ്ങൾ മുറിച്ചുമാറ്റി. അപൂർവമായി പുഴ പുറം പോക്കുകളിൽ മാത്രമാണ് വൻമരങ്ങൾ ശേഷിക്കുന്നത്. സാമൂഹ്യവിരുദ്ധരുടെ ഇടപെടലുകളും ഭൂമി കയ്യേറ്റങ്ങളും നിമിത്തം അവയും ഭീഷണി നേരിടുകയാണ്.
വരും തലമുറകൾക്ക് കാണുവാനെങ്കിലും വൻ മരങ്ങളെ സംരക്ഷിക്കുവാൻ അധികൃതർ തയാറാകണം. നൂറ്റാണ്ടുകൾ പഴക്കമുള്ള വൻമരങ്ങൾ പുതുശേരി കക്കടവ് പുഴയോരങ്ങളിൽ അപൂർവമായി നിലനിൽക്കുന്നുണ്ട്. കാലിക്കടവിന് സമീപം പുഴയോരത്ത് നിലനിൽക്കുന്ന ’ഇരുമ്പുക’ മരം ആരിലും അത്ഭുതമുളവാക്കുന്നതാണ്. ഒരു പരിസ്ഥിതിദിനം കൂടി ആഘോഷമാക്കുമ്പോൾ ഈ വൃക്ഷമുത്തച്ഛനെ സംരക്ഷിക്കുവാൻ അധികൃതരുടെ അടിയന്തര ഇടപെടലുകൾ ഉണ്ടാവണമെന്ന് പൗരസമിതി ആവശ്യപ്പെട്ടു.