ഉൗട്ടി: ഇടുഹട്ടി ദൊട്ടണിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ട വിദ്യാർഥിനിയുടെ മൃതദേഹം സംസ്കരിച്ച ഇടത്തിൽനിന്നു പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനു വിധേയമാക്കി. ദൊട്ടണിയിലെ പ്രകാശിന്റെ മകൾ പ്രിയദർശിയുടെ(19) മൃതദേഹമാണ് പോസ്റ്റുമോർട്ടം ചെയ്തത്.
അവിനാശി പോളിടെക്നിക് കോളജ് വിദ്യാർഥിനിയായ പ്രിയദർശനിയെ കഴിഞ്ഞ 30നാണ് വീട്ടിൽ മരിച്ചനിലയിൽ കണ്ടത്. വീട്ടുകാർ പോലീസിൽ അറിയിക്കാതെ സംസ്കാരം നടത്തി. പിന്നീട് മൊബൈൽ ഫോണ് പരിശോധിച്ച ബന്ധുക്കൾക്കു പ്രിയദർശിനി പ്രദേശവാസിയായ യുവാവുമായി പ്രണയത്തിലായിരുന്നുവെന്നതിനു സൂചന ലഭിച്ചു. ഇതേത്തുടർന്നു മരണത്തിൽ ദുരൂഹത ആരോപിച്ച് കോത്തഗിരി പോലീസിൽ പരാതി നൽകി. ആർഡിഒയുടെ ഉത്തരവ് പ്രകാരം തഹസിൽദാരുടെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തത്. അസ്വാഭാവിക മരണത്തിനു കേസെടുത്ത പോലീസ് അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്.