രാജേന്ദ്രൻ നായരുടെ മരണത്തിനു ഉത്തരവാദികളെ നിയമത്തിനു മുന്നിൽ നിർത്തണം: എഫ്ആർഎഫ്
1299107
Thursday, June 1, 2023 12:39 AM IST
പുൽപ്പള്ളി: കേളക്കവല ചെന്പകമൂലയിൽ കർഷകൻ രാജേന്ദ്രൻ നായർ ജീവനൊടുക്കിയതിനു ഉത്തരവാദികളെ നിയമത്തിനു മുന്നിൽ നിർത്തണമെന്ന് ഫാർമേഴ്സ് റിലീഫ് ഫോറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ബാങ്ക് മുൻ ഭരണ സമിതിയുടെ വായ്പ തട്ടിപ്പിനു ഇരയായി കടക്കെണിയിൽ അകപ്പെട്ടതാണ് രാജേന്ദ്രൻ നായരുടെ ആത്മഹത്യക്കു കാരണമായതെന്നു യോഗം അഭിപ്രായപ്പെട്ടു. രാജേന്ദ്രൻനായരുടെ മരണത്തിൽ അനുശോചിച്ചു. ജില്ലാ ചെയർമാൻ പി.എം. ജോർജ് അധ്യക്ഷത വഹിച്ചു. എ.സി. തോമസ്, എ.എൻ. മുകുന്ദൻ, എൻ.ജെ. ചാക്കോ, ടി. ഇബ്രായി, അപ്പച്ചൻ ചീങ്കല്ലേൽ, ഒ.ആർ. വിജയൻ, ഇ.വി. ജോയി, രാജൻ, പുരുഷോത്തമൻ, ജോമോൻ ഇടിയാലിൽ, എ.സി. ആന്റണി, കെ.എൻ. ചന്ദ്രൻ, അഡ്വ.പി.ജെ. ജോർജ് എന്നിവർ പ്രസംഗിച്ചു.
വായ്പ തട്ടിപ്പുകേസിലെ പ്രതികളെ അറസ്റ്റു
ചെയ്യണം: എഎപി
പുൽപ്പള്ളി: സർവീസ് സഹകരണ ബാങ്കിൽ നടന്ന വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റുചെയ്യണമെന്ന് ആം ആദ്മി പാർട്ടി പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്ത് കമ്മിറ്റികളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു. കടക്കെണിയിൽ അകപ്പെട്ട് കേളക്കവല ചെന്പകമൂലയിൽ കർഷകൻ രാജേന്ദ്രൻ നായർ ജീവനൊടുക്കിയതിന്റെ ഉത്തരവാദിത്തം വായ്പ തട്ടിപ്പ് നടത്തിയവർക്കാണെന്ന് യോഗം ആരോപിച്ചു. കർഷകന്റെ മരണത്തിനു കാരണക്കാർക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു. ബേബി തയ്യിൽ അധ്യക്ഷത വഹിച്ചു. ലിയോ കൊല്ലവേലിൽ, അജി ഏബ്രാഹം, ഷാജി വണ്ടന്നൂർ, സജി പനച്ചകത്തേൽ, ഷിനോജ് കണ്ണന്പള്ളി എന്നിവർ പ്രസംഗിച്ചു.
സിപിഎം
ബാങ്ക് ഉപരോധിച്ചു
പുൽപ്പള്ളി: സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവീസ് സഹകരണ ബാങ്ക് ഉപരോധിച്ചു. കടക്കെണിയിൽപ്പെട്ട് ആത്മഹത്യചെയ്ത കേളക്കവല ചെന്പകമൂലയിലെ കർഷകൻ രാജേന്ദ്രൻ നായരുടെ ബാധ്യത ബാങ്ക് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. സിപിഎം ജില്ലാ സെക്രട്ടറി പി. ഗാഗാറിൻ, ഒ.ആർ. കേളു എംഎൽഎ, സംസ്ഥാന സമിതിയംഗം സി.കെ. ശശീന്ദ്രൻ, കെ.വി. സഹദേവൻ, കെ. റഫീഖ്, രുക്മിണി സുബ്രഹ്മണ്യൻ, എം.എസ്. സുരേഷ്ബാബു, ബിന്ദു പ്രകാശ്, എ.വി. ജയൻ, ടി.കെ. ശിവൻ, മുഹമ്മദ്, കെ.ജെ. പോൾ, സി.പി. വിൻസന്റ്, ചന്ദ്രബാബു, കലേഷ്, സണ്ണി ഓലിക്കരോട്ട്, കെ.വി. ജോബി എന്നിവർ നേതൃത്വം നൽകി. രാവിലെ ആരംഭിച്ച ഉപരോധം ഉച്ചകഴിഞ്ഞാണ് അവസാനിപ്പിച്ചത്.
കർഷക ആത്മഹത്യ:
രാഷ്ട്രീയ സംഘടനകൾ
മാർച്ച് നടത്തി
പുൽപ്പള്ളി: കടബാധ്യത മൂലം ആത്മഹത്യ ചെയ്ത രാജേന്ദ്രന്റെ മരണത്തിൽ ഉത്തരവാദികളായവർക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ ബാങ്കിലേക്ക് മാർച്ച് നടത്തി. ഇന്നലെ രാവിലെ ഒന്പതോടെ സിപിഎമ്മിന്റെ നേതൃത്വത്തിൽ ബാങ്ക് ഉപരോധിച്ചു. തുടർന്ന് ബിജെപി, കേരളാ കോണ്ഗ്രസ്-എം, ജനതാദൾ- എസ്, ആം ആദ്മി തുടങ്ങിയ രാഷ്ട്രീയ പാർട്ടികളും പ്രതിഷേധവുമായി ബാങ്കിന് മുന്നിലെത്തി. സംഘർഷ സാധ്യത കണക്കിലെടുത്ത് മാനന്തവാടി ഡിവൈഎസ്പി അബ്ദുൾ ഷെരീഫ്, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി എം.ഒ. സിബി, പുൽപ്പള്ളി സിഐ അനന്തകൃഷ്ണൻ, ബത്തേരി സി.ഐ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയത്.
രാജേന്ദ്രന്റെ മരണം:
സമഗ്ര അന്വേഷണം
നടത്തണമെന്ന്
എൽജെഡി
കൽപ്പറ്റ: പുൽപ്പളളി സർവീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പിന്റെ പേരിൽ ആത്മഹത്യ ചെയ്യേണ്ടി വന്ന കിഴക്കെ ഇടിയാലത്ത് രാജേന്ദ്രന്റെ മരണത്തെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും എൽജെഡി ജില്ലാ പ്രസിഡന്റ് കെ.കെ. ഹംസ ആവശ്യപ്പെട്ടു. നിലവിലുളള ഭരണസമിതിയെ പിരിച്ചുവിട്ട് അന്വേഷണം നടത്തണമെന്നും ബാങ്കിൽ നിന്നും കോടികൾ തട്ടിയെടുത്തവരുടെ സ്വത്തുക്കൾ കണ്ടുകെട്ടണമെന്നും ആത്മഹത്യ ചെയ്ത രാജേന്ദ്രന്റെ കടങ്ങൾ എഴുതി തള്ളണമെന്നും കുടുംബത്തിന് നഷ്ടപരിഹാരവും നൽകണമെന്നും ഹംസ ആവശ്യപ്പെട്ടു.