കരുതലായി കളക്ടർ; ആൻ തെരേസക്ക് ഇനിയും പഠിക്കാം
1298847
Wednesday, May 31, 2023 4:56 AM IST
കൽപ്പറ്റ: കഴിഞ്ഞ പ്ലസ്ടു പരീക്ഷയിൽ 90 ശതമാനം മാർക്ക് നേടിയതിന്റെ സന്തോഷത്തിന്റെ നിറവിലായിരുന്നു ആൻ തെരേസ. ഈ സന്തേഷങ്ങൾക്കിടയിലും ഒരു സങ്കടം മാത്രം. ജൻമനാ മസ്കുലാർ ഡിസ്ട്രോഫി എന്ന രോഗം ബാധിച്ച് ആൻ തെരേസക്ക് തുടർന്നുള്ള പ്രയാണത്തിന് ഒരു ഇലക്ട്രിക് വീൽ ചെയർ വേണം.
ഈയൊരു ആവശ്യവുമായാണ് കല്ലോടി വീട്ടിച്ചാൽ സ്വദേശിനി ആൻ തെരേസ അദാലത്തിൽ എത്തിയത്. വീൽചെയറിലാണ് ആൻ തെരേസയുടെ ജീവിതം മുന്നോട്ട് പോകുന്നത്. ബി കോം ബിരുദം എടുക്കണമെന്നാണ് ആൻ തെരേസയുടെ ആഗ്രഹം. പക്ഷേ നിലവിൽ ഉള്ള വീൽ ചെയറുമായി പഠനം പൂർത്തിയാക്കാൻ ആൻ തെരേസക്ക് ബുദ്ധിമുട്ടുണ്ട്.
വിവരമറിഞ്ഞപ്പോൾ കളക്ടർ ഡോ. രേണുരാജ് അദാലത്ത് വേദിയിൽ നിന്നും ഇറങ്ങി വന്ന് വീൽ ചെയറിൽ ഇരിക്കുന്ന ആൻ തെരേസയുടെ അടുത്തെത്തി. വിവരങ്ങൾ തിരക്കി ആൻ തെരേസ തന്റെ ഇലക്ട്രിക്ക് വീൽ ചെയർ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ വീൽ ചെയർ വാങ്ങുവാനുള്ള ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നും എടവക പഞ്ചായത്തിൽ അപേക്ഷ നൽകിയാൽ വീൽ ചെയർ സ്വന്തമാക്കാമെന്നും കളക്ടർ അറിയിച്ചു.