ഓവാലിയിൽ വാച്ച് ടവർ നിർമാണം: യോഗം വിളിച്ചു ചേർത്തു
1298446
Tuesday, May 30, 2023 12:30 AM IST
ഗൂഡല്ലൂർ: ഓവാലി പഞ്ചായത്തിൽ നിശ്ചിത സ്ഥലങ്ങളിൽ വനംവകുപ്പ് കാട്ടാനകളെ നിരീക്ഷിക്കുന്നതിന് വാച്ച് ടവർ നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഗൂഡല്ലൂർ ആർഡിഒ ഓഫീസിൽ യോഗം വിളിച്ചു. യോഗത്തിൽ ആർഡിഒ മുഹമ്മദ് ഖുദ്റത്തുള്ള അധ്യക്ഷത വഹിച്ചു. ഗൂഡല്ലൂർ സിഐ അരുണ്‍, എസിഎഫ് കറുപ്പയ്യ, റേഞ്ചർമാരായ രാജേന്ദ്രൻ, രാധാകൃഷ്ണൻ, ഓവാലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സഹദേവൻ, രാജാമണി തുടങ്ങിയവർ സംബന്ധിച്ചു.
വാച്ച് ടവർ നിർമിക്കുന്നത് കാട്ടാനകളെ നിരീക്ഷിക്കുന്നതിന് വേണ്ടിയാണെന്നും മറ്റ് ഉദ്ദേശങ്ങളൊന്നും ഇതിന് പിന്നിൽ ഇല്ലെന്നും വനംവകുപ്പ് അറിയിച്ചതിനെത്തുടർന്ന് പൊതുജനങ്ങളുമായി വിഷയം ചർച്ച ചെയ്ത് അന്തിമ പരിഹാരം കാണുമെന്ന് ആർഡിഒ പറഞ്ഞു.
അടുത്ത ദിവസം വിളിച്ചു ചേർക്കുന്ന യോഗത്തിൽ പ്രശ്നത്തിന് പരിഹാരം കാണുമെന്നാണ് സൂചന. അഞ്ച് ഇടങ്ങളിലാണ് വാച്ച് ടവർ നിർമിക്കുന്നത്. ലാറസ്റ്റൻ നാലാം നന്പറിൽ വനംവകുപ്പ് വാച്ച് ടവർ നിർമിക്കുന്നത് നാട്ടുകാർ തടഞ്ഞിരുന്നു. ഓവാലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സഹദേവന്റെ നേതൃത്വത്തിലാണ് നാട്ടുകാർ തടഞ്ഞത്.
വാച്ച് ടവർ നിർമിക്കുന്നതിലൂടെ പഞ്ചായത്ത് മുഴുവനും വനംവകുപ്പിന്റെ കർശന നിയന്ത്രണത്തിലാവുമെന്നും ഇത് വികസന പ്രവൃത്തികൾക്കും സ്വൈര്യ ജീവിതത്തിനും തടസമായി മാറുമെന്നുമാണ് പ്രദേശവാസികൾ പറയുന്നത്.