ആത്മഹത്യ ചെയ്ത കർഷകന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്ന്
1298440
Tuesday, May 30, 2023 12:29 AM IST
കാട്ടിക്കുളം: അരണപ്പാറ വാകേരിയിൽ ആത്മഹത്യ ചെയ്ത കർഷകൻ പി.കെ. തിമ്മപ്പന്റെ കുടുംബത്തെ ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചനടക്കമുള്ള കോണ്ഗ്രസ് നേതാക്കൾ സന്ദർശിച്ചു. കടബാധ്യത മൂലമാണ് തിമ്മപ്പൻ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിക്കുന്ന പശ്ചാത്തലത്തിൽ കുടും ബത്തിന് വേണ്ട എല്ലാ നിയമ സഹായവും ചെയ്യുമെന്നും ലോണുകൾ ബാങ്ക് എഴുതിത്തള്ളുന്നതിനായി എംഎൽഎമാരെ കൊണ്ട് പരിശ്രമിക്കുമെന്നും എൻ.ഡി. അപ്പച്ചൻ പറഞ്ഞു.
പി.കെ. ജയലക്ഷ്മി, അഡ്വ.എൽ.കെ. വർഗീസ്, എം.ജി. ബിജു, അബ്ദുൾ റഷീദ് എന്നിവരും കൂടെയുണ്ടായിരുന്നു. കൃഷിയിലുണ്ടായ നഷ്ടത്തെ തുടർന്ന് 10 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ടെന്ന് കുടുംബം പറഞ്ഞു.
പിന്നാക്ക വികസന കോർപ്പറേഷനിൽ മൂന്ന് ലക്ഷം രൂപയും തിരുനെല്ലി സർവീസ് സഹകരണ ബാങ്കിലും സ്വകാര്യ വ്യക്തികൾക്കുമായി ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യതയുമുണ്ടെന്ന് മരണപ്പെട്ട തിമ്മപ്പന്റെ ഭാര്യ ശ്രീജ പറഞ്ഞു.