ക്രിട്ടിക്സ് പുരസ്കാരം ആസ്വാദകർക്ക് സമർപ്പിച്ച് ‘ചതി’ പ്രവർത്തകർ
1296913
Wednesday, May 24, 2023 12:23 AM IST
കൽപ്പറ്റ: കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ആസ്വാദകർക്ക് സമർപ്പിച്ച് ’ചതി’ പ്രവർത്തകർ. മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രത്തിനുള്ള പുരസ്കാരമാണ് ’ചതി’ക്കു ലഭിച്ചത്. പുരസ്കാര ലബ്ധിയിൽ സന്തോഷമുണ്ടെന്നും ഇത് ആസ്വാദകർക്ക് സമർപ്പിക്കുന്നതായും സംവിധായകൻ ശരത്ചന്ദ്രൻ വയനാട്, സിനിമയിൽ ’കരിന്തണ്ടൻ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അബു സലിം, മറ്റു പ്രവർത്തകരായ ധനേഷ് ദാമോദർ, എടക്കൽ മോഹനൻ, സുബൈർ വയനാട് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വയനാട്ടിലെ പട്ടികവർഗ ജനതയുടെ ജീവിതം മുഖ്യ പ്രമേയമാക്കി തയാറാക്കിയ ചിത്രത്തിനു തിയറ്ററുകളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് ’ചതി’യുടെ കഥ-തിരക്കഥാകൃത്തുമായ ശരത്ചന്ദ്രൻ പറഞ്ഞു. ഗോത്രജനതയുടെ സന്തോഷവും സങ്കടവും നിറഞ്ഞ ജീവിതത്തിന്റെ നേർക്കാഴ്ചയാണ് സിനിമ. ആക്ഷനും സെന്റിമെന്റ്സിനും പ്രണയത്തിനും പ്രാധാന്യം നൽകിയാണ് തന്റെ നാലമത്തെ സിനിമയായ ’ചതി’ ഒരുക്കിയത്. അന്താരാഷ്ട്ര ചലച്ചിത്ര മേളകളൽ മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുന്നതിനു ചിത്രത്തിനു ക്ഷണം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. സിനിമയിൽ ’കരിന്തണ്ടൻ’ എന്ന കഥാപാത്രത്തെ അഭിനയിച്ചുഫലിപ്പിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണെന്ന് അബു സലിം പറഞ്ഞു. ഡബ്ല്യുഎം മൂവീസിന്റെ ബാനറിൽ എൻ.കെ. മുഹമ്മദാണ് ’ചതി’ നിർമിച്ചത്.