ട്രഷറികൾ സാന്പത്തിക പ്രവർത്തനങ്ങളുടെ നട്ടെല്ല്: മന്ത്രി കെ.എൻ. ബാലഗോപാൽ
1296905
Wednesday, May 24, 2023 12:23 AM IST
നടവയൽ: സംസ്ഥാനത്തിന്റെ സാന്പത്തിക പ്രവർത്തനങ്ങളുടെ നട്ടെല്ലാണ് ട്രഷറികളെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. നടവയൽ സബ് ട്രഷറി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബാങ്കിംഗ് സംവിധാനത്തോടുകൂടിയ ട്രഷറികളാണ് കേരളത്തിലേത്. ദേശാസാത്കൃത ബാങ്കുകളേക്കാൾ സൗകര്യങ്ങളോടെയാണ് ഓരോ ട്രഷറിയും പ്രവർത്തിക്കുന്നത്. എല്ലാ ട്രഷറികളും നവീകരിച്ചുവരികയാണ്. സാമൂഹികക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിയാണ് നവീകരണം. അടിസ്ഥാനസൗകര്യങ്ങളോടുകൂടിയ കെട്ടിടം ട്രഷറി പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുകമെന്നും മന്ത്രി പറഞ്ഞു.
ടി. സിദ്ദിഖ് എംഎൽഎ അധ്യക്ഷത വഹിച്ചു. ഒ.ആർ. കേളു എംഎൽഎ മുഖ്യാതിഥിയായി. കോഴിക്കോട് ട്രഷറി ഡെപ്യൂട്ടി ഡയറക്ടർ എ. സലീൽ റിപ്പോർട്ട് അവതരിപ്പിച്ചു.
സബ് ട്രഷറിക്കു സ്ഥലം വിട്ടുനൽകിയ നടവയൽ ഇടവകയെ മന്ത്രി ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ കമല രാമൻ, പി.എം. ആസ്യ, മേഴ്സി സാബു, കണിയാന്പറ്റ പഞ്ചായത്ത് അംഗം സിന്ധു ലിഷു, ട്രഷറി ഡയറക്ടർ വി. സാജൻ, ജില്ലാ ട്രഷറി ഓഫീസർ ടി. ബിജു, നടവയൽ ഹോളിക്രോസ് ആർക്കി എപ്പിസ്കോപ്പൽ പള്ളി ആർച്ച് പ്രീസ്റ്റ് ഫാ.ഗർവാസിസ് മറ്റം എന്നിവർ പ്രസംഗിച്ചു. 2,00,98,949 രൂപ ചെലവിലാണ് 436 ചതുശ്ര മീറ്റർ വിസ്തീർണത്തിൽ കെട്ടിടം നിർമിച്ചത്. ഇൻകെൽ ലിമിറ്റഡിനായിരുന്നു പ്രവൃത്തി ചുമതല.