നടവയൽ സബ് ട്രഷറിക്ക് ഇനി പുതിയ കെട്ടിടം
1296629
Tuesday, May 23, 2023 12:22 AM IST
കൽപ്പറ്റ: നടവയൽ സബ് ട്രഷറിക്ക് ഇനി പുതിയ കെട്ടിടം. ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ ഇന്ന് നിർവഹിക്കും. 2,00,98,949 രൂപ ചെലവിലാണ് 436 ചതുശ്ര മീറ്റർ വിസ്തീർണമുള്ള കെട്ടിടം നിർമിച്ചത്.
2018 ലെ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ 10 ട്രഷറികൾക്ക് പുതിയ കെട്ടിടം നിർമിക്കുന്നതിനുള്ള ട്രഷറി അടിസ്ഥാന വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കെട്ടിടം നിർമിച്ചത്. ഇൻകെൽ ലിമിറ്റഡിനായിരുന്നു നിർമാണ ചുമതല. 125 സർക്കാർ സ്ഥാപനങ്ങളാണ് നടവയൽ സബ്ട്രഷറിയിൽ ധനകാര്യ ഇടപാടുകൾ നടത്തിവരുന്നത്. പനമരം ബ്ലോക്ക് പഞ്ചായത്ത്, പനമരം, മീനങ്ങാടി, പൂതാടി, കണിയാന്പറ്റ എന്നീ ഗ്രാമപഞ്ചായത്തുകളുമാണ് ട്രഷറിയുടെ പരിധിയിൽ വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ. സബ് ട്രഷറിയിൽ എട്ട് ജീവനക്കാരാണ് പ്രവർത്തിക്കുന്നത്. വൈകുന്നേരം മൂന്നിന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ടി. സിദ്ദിഖ് എംഎൽഎ അധ്യക്ഷത വഹിക്കും. എംഎൽഎമാരായ ഒ.ആർ. കേളു, ഐ.സി. ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ഇ. വിനയൻ, കമലാ രാമൻ, പി.എം. ആസ്യ, മേഴ്സി സാബു, ജനപ്രതിനിധികൾ, ട്രഷറി വകുപ്പ് ഉദ്യോഗസ്ഥർ, ജീവനക്കാർ, രാഷ്ട്രീയപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.