നെൻമേനി പഞ്ചായത്ത് ബജറ്റ്
1280340
Thursday, March 23, 2023 11:37 PM IST
സുൽത്താൻ ബത്തേരി: ചീരാൽ, നെൻമേനി വില്ലേജുകളിൽ വനിത സൂപ്പർ മാർക്കറ്റുകൾക്ക് ഒരു കോടി രൂപ വകയിരുത്തി നെൻമേനി പഞ്ചായത്തിന്റെ ബജറ്റ്. 58.14 കോടി വരവും 57.75 കോടി ചെലവും 38.89 ലക്ഷം നീക്കി ബാക്കിയും പ്രതീക്ഷിക്കുന്ന മിച്ച ബജറ്റാണ് വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ അവതരിപ്പിച്ചത്.
കുടുംബശ്രീ അംഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവരുടെ നേതൃത്വത്തിലായിരിക്കും സൂപ്പർ മാർക്കറ്റ് പ്രവർത്തിക്കുക. ഗോവിന്ദമൂല ചിറയിൽ ടൂറിസം വികസനത്തിന് 76.15 ലക്ഷം വകയിരുത്തി. രണ്ടേക്കർ സ്ഥലത്ത് എടക്കലിൽ ആരംഭിക്കുന്ന ടൂറിസം പാർക്കിന് 30 ലക്ഷം വകയിരുത്തി. മൂന്ന് കോടി ചെലവഴിച്ച് ചുള്ളിയോട് ആധുനിക രീതിയിൽ ഷോപ്പിംഗ് കോംപ്ലക്സ് നിർമിക്കും.
സംസ്ഥാനതല ഭാഷോത്സവം, ഗ്രാമോത്സവം, കാർഷിക കാർണിവൽ തുടങ്ങിയവ നടത്തും. കോളിയാടി സ്റ്റേഡിയം നിർമാണത്തിന് ആദ്യഘട്ട വകയിരുത്തലായി 65 ലക്ഷം ഉൾപ്പെടുത്തി.
കോളിയാടി ചിൽഡ്രൻസ് പാർക്ക് നവീകരണത്തിന് എട്ട് ലക്ഷം, തെരുവ് വിളക്കുകൾക്ക് 10 ലക്ഷം, ക്ഷീരകർഷകർക്ക് പാലിന് സബ്സിഡിയായി 42 ലക്ഷം, നെൽകർഷകർക്ക് കൂലിച്ചിലവ് നൽകുന്നതിനായി 55 ലക്ഷം, വനിത ഐടിഐക്ക് സ്ഥലം എടുക്കുന്നതിനായി 10 ലക്ഷം, ഒരു സ്ക്കൂൾ ഒരു കായികയിനം പദ്ധതിക്ക് അഞ്ച് ലക്ഷം തുടങ്ങിയവയാണ് പ്രധാന പദ്ധതികൾ. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ജയ മുരളി, കെ.വി. ശശി, സുജാത ഹരിദാസ്, അംഗങ്ങളായ വി.ടി. ബേബി, അഫ്സൽ കുടുക്കി, ഷാജി കോട്ടയിൽ, ഉഷ വേലായുധൻ, ബിന്ദു അനന്തൻ, സുജ ജെയിംസ്, സെക്രട്ടറി സി.ഒ. കോമളവല്ലി തുടങ്ങിയവർ പ്രസംഗിച്ചു.