കാപ്പിത്തോട്ടം ഉടമയുടെ തോക്ക് ലൈസൻസ് പുതുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
1264951
Saturday, February 4, 2023 11:41 PM IST
കൽപ്പറ്റ: ഒറ്റപ്പെട്ട പ്രദേശത്തു താമസിക്കുന്ന കാപ്പിത്തോട്ടം ഉടമയുടെ തോക്ക് ലൈൻസസ് പതുക്കി നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകി. കൊളഗപ്പാറ വെങ്ങന്പറ്റ എസ്റ്റേറ്റിലെ കെ.ബി. സന്പത്തിന്റെ പരാതിയിലാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റെ നിർദേശം.
വന്യമൃഗങ്ങളുടെയും മോഷ്ടാക്കളുടെയും ശല്യം ഉള്ളതാണ് സന്പത്തും ഭാര്യയും താമസിക്കുന്ന പ്രദേശം. പാരന്പര്യമായി ലഭിച്ചതാണ് തോക്ക്. ലൈസൻസ് പുതുക്കാൻ 2016 ജൂലൈ 18ന് കളക്ടർക്ക് അപേക്ഷിച്ചെങ്കിലും ഫലം ഉണ്ടായില്ല. പരാതിയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് തേടിയ കമ്മീഷനെ ലൈസൻസ് പുതുക്കി നൽകാവുന്നതാണെന്നാണ് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി അറിയിച്ചത്.
വന്യമൃഗങ്ങളിൽനിന്നു ജീവന് ആപത്തുവരുന്ന ഘട്ടത്തിൽ മാത്രമേ തോക്ക് ഉപയോഗിക്കൂവെന്ന് പരാതിക്കാരൻ കമ്മീഷനെ ബോധിപ്പിച്ചു. ഈ സാഹചര്യത്തിലാണ് കമ്മീഷൻ നിർദേശം. ക്രിമിനൽ പശ്ചാത്തലമില്ലാത്ത പരാതിക്കാരന്റെ അപേക്ഷയിൽ നിയമപരവും മാനുഷികവുമായ തീരുമാനം ഒരു മാസത്തിനകം എടുക്കണമെന്ന് നിർദേശത്തിൽ പറയുന്നു.