നീലഗിരിയിൽ കടുവ ആക്രമണത്തിൽ സ്ത്രീ മരിച്ചു; നാട്ടുകാർ റോഡ് ഉപരോധിച്ചു
1263911
Wednesday, February 1, 2023 10:05 PM IST
ഗൂഡല്ലൂർ: മുതുമല മസിനഗുഡിക്കടുത്ത തെപ്പക്കാട് കടുവ ആക്രമണത്തിൽ സ്ത്രീ മരിച്ചു. തെപ്പക്കാട് ആനപ്പാടി കേത്തന്റെ ഭാര്യ മാരിയാണ്(60) മരിച്ചത്. വിടിനു സമീപം വനത്തിൽ വിറകിനുപോയപ്പോഴാണ് കടുവ പിടിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം നാലോടെയാണ് മാരി വിറകിനു പോയത്. സന്ധ്യയായിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല. ബന്ധുക്കൾ രാത്രി പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും മാരിയെ കണ്ടെത്താനായില്ല. ഇന്നലെ രാവിലെ തെരച്ചിലിനിടെ വീടിനു 100 മീറ്റർ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിന്റെ പല ഭാഗങ്ങളും കടുവ ഭക്ഷിച്ച നിലയിലായിരുന്നു.
സംഭവത്തെത്തുടർന്നു നാട്ടുകാർ തെപ്പക്കാടിൽ ഉൗട്ടി-മൈസൂരു ദേശീയ പാത ഉപരോധിച്ചു. കടുവയെ കൂടുവച്ച് പിടിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. രാവിലെ ഒന്പതിനു ആരംഭിച്ച ഉപരോധം 10.30നാണ് അവസാനിപ്പിച്ചത്. സ്ഥലത്തെത്തിയ ഗൂഡല്ലൂർ ആർഡിഒ മുഹമ്മദ് ഖുദ്റത്തുല്ല, ഉൗട്ടി ആർഡിഒ ദുരൈസ്വാമി, മുതുമല കടുവ സംരക്ഷണ കേന്ദ്രം ഡെപ്യുട്ടി ഡയറക്ടർ അരുണ്‍, ഗൂഡല്ലൂർ ഡിവൈഎസ്പി ശെൽവരാജ് എന്നിവർ നാട്ടുകാരുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ കടുവയെ പിടികൂടുമെന്ന് ഉറപ്പുനൽകി.