ഓട്ടോ തൊഴിലാളികളുടെ സൂചനാ പണിമുടക്ക് 26-ന്
1224417
Sunday, September 25, 2022 12:06 AM IST
കോഴിക്കോട്: ഓട്ടോ തൊഴിലാളികളുടെ സൂചനാ പണിമുടക്കിന്റെ ഭാഗമായി ഓട്ടോ തൊഴിലാളികൾ നഗരത്തിൽ പ്രകടനവും പൊതുയോഗവും നടത്തി.
കോർപറേഷൻ പരിധിയിൽ സിസി പെർമിറ്റ് അടിസ്ഥാനത്തിൽ സർവീസ് നടത്തുന്ന ഓട്ടോ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടിയില്ലാത്ത സാഹചര്യത്തിലാണ് സിസി ഓട്ടോ തൊഴിലാളി സംയുക്ത സമര സമിതി 26-ന് 24 മണിക്കൂർ സൂചനാ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. പണിമുടക്ക് ദിവസം കെഎസ്ആർടിസി ടെർമിനലിന് മുന്നിൽ 12-മണിക്കൂർ ധർണയും നടത്തും.
മുതലക്കുളത്ത് നിന്നാരംഭിച്ച പ്രകടനം റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിൽ സമാപിച്ചു. പ്രകടനത്തിന് പ്രജോഷ് ചെറുവണ്ണൂർ, കെ സി ശശികുമാർ, ഷാജു, മുസമ്മിൽ കൊമ്മേരി, ഹമീദ്, പ്രേമാനന്ദ്, റിയാസ്, ഗോപാലകൃഷ്ണൻ, ഷംസീർ, അസ്ക്കർ, ജാസിർ അറഫാത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
നഗരത്തിൽ ആവശ്യമായ ഓട്ടോ പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തുക, അനധികൃത സർവീസുകൾക്കെതിരേ നടപടി സ്വീകരിക്കുക, ഓട്ടോ തൊഴിലാളികൾക്ക് നേരെയുള്ള പോലീസിന്റെ പീഡനം അവസാനിപ്പിക്കുക, എൽഎൻജി ഓട്ടോകൾക്ക് മാത്രമായി നീക്കിവച്ചിട്ടുള്ള പെർമിറ്റുകൾ സിഎൻജി ഓട്ടോകൾക്ക് നൽകാനുള്ള തീരുമാനത്തിൽ നിന്ന് അധികാരികൾ പിന്മാറുക, ഓട്ടോ തൊഴിലാളികൾക്ക് പ്രാഥമിക സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളികൾ പണിമുടക്കുന്നത്.