വിദ്യാർഥിയെ പോലീസ് മർദിച്ചതായി പരാതി
1224017
Friday, September 23, 2022 11:59 PM IST
കൽപ്പറ്റ: കൈനാട്ടി ജനറൽ ആശുപത്രി പരിസത്തു വ്യാഴാഴ്ച വൈകീട്ടുണ്ടായ വിദ്യാർഥി സംഘർഷവുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലെടുത്ത വിദ്യാർഥിയെ പോലീസ് മർദിച്ചതായി പരാതി. പനമരം സ്വദേശി മുഹമ്മദ് റാഷിദിനെ ലാത്തി ഉപയോഗിച്ചു മർദിച്ചെന്നാണ് ആക്ഷേപം. വിദ്യാർഥി മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മുട്ടിൽ ഡബ്ല്യുഎംഒ കോളജ് പരിസരത്തു വിദ്യാർഥികൾ തമ്മിലുണ്ടായ അടിപിടിയിൽ പരിക്കേറ്റ മുഹമ്മദ് റാഷിദ് ഉൾപ്പെടെ വിദ്യാർഥികൾ കൈനാട്ടി ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കു എത്തിയിരുന്നു. ഇതേത്തുടർന്നായിരുന്നു ആശുപത്രി പരിസരത്തു സംഘർഷം. സ്ഥലത്തെത്തിയ പോലീസ് വിദ്യാർഥികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സ്റ്റേഷനിൽ എത്തിച്ച വിദ്യാർഥികളെ പോലീസ് ഉദ്യോഗസ്ഥൻ അസഭ്യം വിളിക്കുകയും ലാത്തിക്കു അടിക്കുകയും ചെയ്തതായി മുഹമ്മദ് റാഷിദിന്റെ രക്ഷിതാക്കൾ ആരോപിച്ചു.
രക്ഷിതാക്കൾ എത്തിയതിനെത്തുടർന്നാണ് വിദ്യാർഥികൾക്കു ജാമ്യം അനുവദിച്ചത്. ലാത്തിയടിയേറ്റ മുഹമ്മദ് റാഷിദിന്റെ കൈക്കുഴയ്ക്കു പൊട്ടലേറ്റെന്നു രക്ഷിതാക്കൾ പറഞ്ഞു. പോലീസ് നടപടിക്കെതിരേ ഉന്നത അധികാരികൾക്കു പരാതി നൽകുന്നതിനു പുറമേ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യാനും തീരുമാനിച്ചതായി അവർ അറിയിച്ചു.