പുൽപ്പള്ളി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: മൂന്നു മുന്നണികൾ രംഗത്ത്
1224010
Friday, September 23, 2022 11:58 PM IST
പുൽപ്പള്ളി: ഒക്ടോബർ ഒന്പതിനു നടക്കുന്ന സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം നടന്നു. യുഡിഎഫും എൽഡിഎഫും നേതൃത്വം നൽകുന്ന മുന്നണികൾക്കു പുറമേ ജനകീയ മുന്നണിയിയും പത്രിക സമർപ്പിച്ചു. മൂന്നു മുന്നണികൾ രംഗത്തുവന്നതോടെ മത്സരം തീപാറുമെന്നു ഉറപ്പായി. 2020 ജനുവരി മുതൽ അഡ്മിനിസ്ട്രറ്റീവ് കമ്മിറ്റി ഭരണത്തിലാണ് ബാങ്ക്.
യുഡിഎഫ് പുതുമുഖങ്ങളെയാണ് സ്ഥാനാർഥികളായി രംഗത്തിറക്കിയത്. ജനസമ്മതിയുള്ള സഹകാരികളെയാണ് എൽഡിഎഫ് മത്സരിപ്പിക്കുന്നത്. 6,000 ഓളം പേർക്കാണ് തെരഞ്ഞെടുപ്പിൽ വോട്ടവകാശം. പത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി കഴിയുന്ന മുറയ്ക്കു പ്രചാരണം കൊഴുപ്പിക്കാനാണ് മുന്നണികളുടെ തീരുമാനം.
യുഡിഎഫ് പത്രികാസമർപ്പണത്തിന് കോണ്ഗ്രസ് നേതാക്കളായ എൻ.യു. ഉലഹന്നാൻ, പി.ഡി. സജി, ടി.എസ്. ദിലീപ്കുമാർ, വി.എം. പൗലോസ്, പി.എൻ. ശിവൻ എന്നിവർ നേതൃത്വം നൽകി. എം.എസ്. സുരേഷ്ബാബു, പ്രകാശ് ഗഗാറിൻ, മനോജ് ഇല്ലിക്കൽ, സജി മാത്യു എന്നിവരുടെ നേതൃത്വത്തിലായിരുന്നു എൽഡിഎഫ് പത്രികാസമർപ്പണം. ജനകീയ മുന്നണി പത്രികാ സമർപ്പണത്തിന് അജയകുമാർ, വി.എസ്. ചാക്കോ, സത്യാനന്ദൻ എന്നിവർ നേതൃത്വം നൽകി.
എൽഡിഎഫ്
കണ്വൻഷൻ ഇന്ന്
പുൽപ്പള്ളി: സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽഡിഎഫ് കണ്വൻഷൻ ഇന്നു രാവിലെ 10നു ബാങ്ക് ഓഡിറ്റേറിയത്തിൽ ചേരും. സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, കേരള കോണ്ഗ്രസ്-എം സംസ്ഥാന സമിതിയംഗം കെ.ജെ. ദേവസ്യ, എൽഡിഎഫ് ജില്ലാ നേതാക്കളായ ബെന്നി കുറുന്പാലക്കോട്ട, സ്കറിയ, ജയരാജൻ തുടങ്ങിയവർ പങ്കെടുക്കുമെന്നു കണ്വീനർ ടി.ജെ. ചാക്കോച്ചൻ അറിയിച്ചു.