‘തരിയോട്’ ഇനി ആമസോണ്‍ പ്രൈം വിഡിയോയിലും
1224007
Friday, September 23, 2022 11:58 PM IST
കൽപ്പറ്റ: പത്തൊന്‍പതാം നൂറ്റാണ്ടിൽ വയനാടിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന സ്വർണ ഖനനത്തിന്റെ ചരിത്രം പ്രമേയമായമാക്കി ’തരിയോട്’ എന്ന പേരിൽ നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്ത ഡോക്യുമെന്ററി ആമസോണ്‍ പ്രൈം വിഡിയോയിൽ റിലീസ് ചെയ്തു. കഴിഞ്ഞ ദിവസം മുതൽ ചിത്രം പ്രൈം വിഡിയോയിൽ സ്ട്രീം ചെയ്യുന്നുണ്ട്. നിലവിൽ അമേരിക്ക, യുകെ, ഓസ്ട്രേലിയ, ജർമനി തുടങ്ങി ഇന്ത്യ ഒഴികെ 132 രാജ്യങ്ങളിലാണ് ചിത്രം പ്രൈം വീഡിയോയിൽ ലഭ്യമാകുന്നത്. ഇന്ത്യയുൾപ്പടെ എല്ലാ രാജ്യങ്ങളിലും അമേരിക്കൻ ഒടിടി പ്ലാറ്റ്ഫോമായ ’ഡൈവേഴ്സ് സിനിമ’യിലൂടെ ജൂണ്‍ 11 മുതൽ ചിത്രം ലഭ്യമാണ്. വൈകാതെ മറ്റു പല പ്ലാറ്റ്ഫോമുകളിലും ലഭ്യമാകും.
കഴിഞ്ഞ വർഷത്തെ സംസ്ഥാന ടെലിവിഷൻ അവാർഡ്സിൽ മികച്ച എഡ്യൂക്കേഷണൽ പ്രോഗ്രാമിനുള്ള പുരസ്കാരം ’തരിയോട്’ കരസ്ഥമാക്കിയിരുന്നു. സെവൻത്ത് ആർട്ട് ഇൻഡിപെൻഡന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മികച്ച ഹ്രസ്വ ഡോക്യുമെന്ററി, മികച്ച ഹ്രസ്വ ഡോക്യുമെന്ററി സംവിധായകൻ, ഹോളിവുഡ് ഇന്റർനാഷണൽ ഗോൾഡൻ ഏജ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെന്ററി, റീൽസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ജൂറി അവാർഡ് തുടങ്ങി രാജ്യത്തിനകത്തും പുറത്തുമായി ഇതിനകം നിരവധി അവാർഡുകൾ ’തരിയോട്’ കരസ്ഥമാക്കി.
https://amzn.to/3R4eE6Q ആണ് പ്രൈം വിഡിയോ ലിങ്ക്. https://www.casablancafilmfactory.ml/thariode എന്ന ലിങ്കിൽ ഇന്ത്യയിൽനിന്നു കാണാം.