മുക്കം-മാമ്പറ്റ ബൈപാസ് റോഡ് നവീകരണം നീളുന്നു
1601722
Wednesday, October 22, 2025 5:11 AM IST
മുക്കം: ആറുമാസം മുമ്പ് പ്രവൃത്തി ആരംഭിച്ച മുക്കം-മാമ്പറ്റ ബൈപാസ് നവീകരണം ഇഴഞ്ഞുനീങ്ങിയതോടെ യാത്രക്കാര്‍ ദുരിതത്തില്‍. അഞ്ചുകോടി രൂപ ചെലവഴിച്ചാണ് നവീകരണം നടക്കുന്നത്. രണ്ടര കിലോമീറ്ററോളം വരുന്ന റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തില്‍ ടാറിംഗ് ചെയ്യും.
മൂന്നു കലുങ്കുകള്‍, ഡ്രൈനേജ്, സിഗ്നല്‍ ബോര്‍ഡുകള്‍ എന്നിവയും പ്രവൃത്തിയിൽ ഉൾപ്പെടും. വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ് സ്ഥാപിക്കല്‍ തുടങ്ങിയതിന് പിന്നാലെ മഴ കൂടി എത്തിയതോടെ റോഡില്‍ വെള്ളവും ചെളിയും കെട്ടിനിന്ന് കാല്‍നട യാത്ര പോലും സാധ്യമാകാത്ത അവസ്ഥയാണ്. എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയിലെ അഗസ്ത്യമുഴിയില്‍ ഗതാഗത തടസം ഉണ്ടായാല്‍ നിരവധി പേര് ആശ്രയിക്കുന്നതും ഈ റോഡാണ്.
റോഡ് ശോച്യാവസ്ഥയിൽ ആയതോടെ ഇരുചക്ര വാഹനയാത്രക്കാര്‍ വീണ് അപകടമുണ്ടാകുന്നതും ഭാരം കയറ്റി വരുന്ന വാഹനങ്ങള്‍ ചെളിയില്‍ കുടുങ്ങുന്നതും നിത്യ സംഭവമായി മാറിയിട്ടുണ്ട്. നിരവധി തവണ ജനപ്രതിനിധികളുടേയും പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍ പെടുത്തിയിട്ടും യാതൊരു പരിഹാരവും ഉണ്ടായില്ലെന്നും സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും നാട്ടുകാര്‍ പറഞ്ഞു.