പയ്യോളിയിൽ റെയിൽവേ മേൽപ്പാലത്തിനായി മുറവിളി: ബഹുജന കൺവൻഷൻ ഇന്ന്
1601718
Wednesday, October 22, 2025 5:11 AM IST
പയ്യോളി: മൂന്ന് റെയിൽവേ ഗേറ്റുകളുള്ള പയ്യോളിയിൽ റെയിൽവേ മേൽപ്പാലത്തിനായുള്ള മുറവിളി ശക്തമാകുന്നു. 36 ഡിവിഷനുകളാണ് പയ്യോളി നഗരസഭയിൽ ഉള്ളത്. ഇതിൽ പകുതിയിലേറെ ഡിവിഷനുകളും റെയിൽവേ ട്രാക്കിന് പടിഞ്ഞാറാണ്. അതുകൊണ്ടുതന്നെ ദൈനംദിന ആവശ്യങ്ങൾക്കായി ഇവർ റെയിൽവേ ഗേറ്റ് കടക്കേണ്ടത് ഒന്നിലേറെ തവണയാണ്.
72 ലേറെ ട്രെയിനുകൾ ഒരു ദിവസം കടന്നുപോകുന്നുണ്ട്. അതുകൊണ്ടുതന്നെ മൂന്ന് ട്രെയിനുകൾ കടന്നുപോകുന്നത് വരെ ഗേറ്റ് അടച്ചിടും. അഞ്ചുവർഷം മുന്പ് പയ്യോളി ടൗണിന്റെ വടക്കുവശത്തുള്ള രണ്ടാം ഗേറ്റിനും ഇരിങ്ങൽ ഓയിൽ മില്ലിൽ നിന്ന് കോട്ടക്കലിലേക്ക് പോകുന്ന റെയിൽവേ ഗേറ്റിനും ബദലായി മേൽപ്പാലം നിർമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനെ ഇത് സംബന്ധമായ ഡിപിആർ തയാറാക്കാനായി ചുമതലപ്പെടുത്തുകയും ചെയ്തു. പയ്യോളി ഗേറ്റ് സംബന്ധമായ ഡിപിആർ തയാറാക്കൽ 76 ശതമാനവും പൂർത്തിയായതായി റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷന്റെ വെബ്സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ആ കാലയളവിൽ കെ റെയിലുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചതോടെ മേൽപ്പാല നിർമാണം അനിശ്ചിതാവസ്ഥയിലായി.
ഡിപിആർ പൂർണമായും തയാറാക്കിയ ശേഷം സ്ഥലം ഏറ്റെടുത്ത് നൽകിയാൽ മാത്രമേ റെയിൽവേ മേൽപ്പാലത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിക്കുകയുള്ളൂ. റെയിൽവേ മേൽപ്പാലം വേണമെന്ന് ആവശ്യപ്പെട്ട് ബഹുജന കൺവൻഷനും ചർച്ചയും ഇന്ന് ബീച്ച് റോഡിലുള്ള ലയൺസ് ക്ലബ്ഹാളിൽ നിശ്ചയിച്ചിട്ടുണ്ട്.
രാജ്യസഭാ എംപി പിടി ഉഷയും സ്ഥലം എംപി ഷാഫി പറമ്പിലും എംഎൽഎ കാനത്തിൽ ജമീലയും മറ്റ് ജനപ്രതിനിധികളും പങ്കെടുക്കുന്ന ഈ കൺവൻഷനിൽ വലിയ ബഹുജന പങ്കാളിത്തം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് സംഘാടകർ.