കുപ്രസിദ്ധ വാഹന മോഷ്ടാവ് മുള്ളന്‍ അനസ് പിടിയില്‍
1601600
Tuesday, October 21, 2025 7:04 AM IST
കോഴിക്കോട്: കുപ്രസിദ്ധ വാഹന മോഷ്ടാവ് കണ്ണൂര്‍ അഴീക്കല്‍ സ്വദേശി അനസ് എന്ന മുള്ളന്‍ അനസിനെ (25) കോഴിക്കോട് സിറ്റിക്രൈം സ്ക്വാഡും ടൗണ്‍ എസിപി ടി.കെ. അഷ്റഫിന്റെ നേതൃത്വത്തിലുള്ള ടൗണ്‍ പോലീസും ചേര്‍ന്ന് പിടികൂടി.
ഇന്നലെ രാവിലെ റെയില്‍വേ സ്റ്റേഷന് പരിസരത്ത് നിര്‍ത്തിയിട്ട കാസര്‍ഗോഡ് സ്വദേശിയുടെ സ്കൂട്ടറാണ് അനസ് മോഷിച്ചത്. വാഹന മോഷ്ടാവ് അനസ് കോഴിക്കോട് എത്തിയെന്ന് സിറ്റി ക്രൈം സ്ക്വാഡിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. ഇയാളെ പിന്തുടര്ന്ന് നിരീക്ഷിച്ചതില്‍ സില്‍വര്‍ കളര്‍ സ്കൂട്ടറില്‍ കറങ്ങുന്നതായി സിറ്റി ക്രൈം സ്ക്വാഡിന്റെ ശ്രദ്ധയില്‍ പെട്ടു. പിടികൂടി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
ഇയാള്‍ക്കെതിരേ കണ്ണൂര്‍, എറണാകുളം ജില്ലകളിലെ വിവിധ സ്റ്റേഷനുകളില്‍ കേസുകളുണ്ട്. ലഹരി ഉപയോഗത്തിന് പണം കണ്ടെത്തുന്നതിനാണ് മോഷണം പതിവാക്കിയത്. ഒന്നര വര്‍ഷം മുമ്പ് കണ്ണൂരില്‍ നിന്നും മോഷ്ടിച്ച വാഹനവുമായി കറങ്ങുന്നതിനിടെ കോഴിക്കോട്ട് വച്ച് പോലീസിന്റെ കയ്യില്പെട്ടിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.