മഴയില്‍ റോഡ് ഒലിച്ചു പോയി
1601599
Tuesday, October 21, 2025 7:04 AM IST
ചക്കിട്ടപാറ: തകര്‍ന്ന് കുണ്ടും കുഴിയുമായി കിടന്ന റോഡ് ഇന്നലെ വൈകുന്നേരം പെയ്ത കനത്ത മഴയെ തുടര്‍ന്ന് ഒലിച്ചു പോയി.
ഒഴുകി റോഡില്‍ പരന്ന മെറ്റല്‍ ശേഖരം വാരിക്കൂട്ടാനെത്തിയ ജെസിബി നാട്ടുകാര്‍ തടഞ്ഞ് പ്രതിഷേധമറിയിച്ചു. പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രത്തിനുള്ളിലൂടെ പൊന്മലപ്പാറ വഴി ചക്കിട്ടപാറക്ക് പോകുന്ന റോഡാണ് കനത്ത മഴയില്‍ ഒലിച്ചുപോയത്. റോഡ് നന്നാക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
റോഡ് തകര്‍ന്നതു കണക്കിലെടുത്ത് അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്കിയ ശേഷം ഈ റൂട്ടില്‍ ഓട്ടോറിക്ഷകളുടെ ഓട്ടം 13 മുതല്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. പെരുവണ്ണാമൂഴി ഓട്ടോ കോര്‍ഡിനേഷന്‍ കമ്മറ്റിയാണ് തീരുമാനം നടപ്പിലാക്കിയത്. ജലസേചന വകുപ്പിന്റെ അധീനതയില്പെടുന്നതാണ് റോഡ്. ജലജീവന്‍ പദ്ധതിക്കു വേണ്ടി പൈപ്പിടാനാണ് കരാറുകാര്‍ റോഡ് പൊളിച്ചത്. പിന്നീട് യഥാവിധം കുഴിയടക്കുന്നതിനു പകരം ധൃതി പിടിച്ച് പ്രവൃത്തി നടത്തിയതാണ് റോഡ് തകരാന്‍ ഇടയാക്കിയത്. വാട്ടര്‍ അഥോറിറ്റിയാണ് റോഡ് നന്നാക്കേണ്ടതെന്നാണ് ജലസേചന വകുപ്പ് പറയുന്നത്. റോഡിന്റെ തകര്‍ച്ച കാരണം ഓട്ടോറിക്ഷകള്‍ ഓട്ടം നിര്‍ത്തിയ റോഡില്‍ പാറപ്പൊടി വിതറിയിട്ടും ഫലമുണ്ടായില്ല. നാട്ടുകാര്‍ പ്രതിഷേധിച്ചിട്ടും റോഡില്‍ അപകടകരമാം വിധം പരന്നു കിടക്കുന്ന മെറ്റല്‍ ശേഖരം വാട്ടര്‍ അഥോറിറ്റി കരാറുകാര്‍ ജെസിബി ഉപയോഗിച്ച് ഇന്നലെ വൈകീട്ടും കോരി നീക്കല്‍ തുടര്‍ന്നു.
റോഡ് നന്നാക്കാന്‍ നടപടിയില്ലാത്തത് പ്രദേശവാസികളില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഓട്ടോ സര്‍വീസ് നിലച്ചത് നാട്ടുകാരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. യാത്രാക്ലേശം രൂക്ഷമായതോടെ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.