കെട്ടിട നിര്‍മാണം : നൂതന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തും: മന്ത്രി റിയാസ്
1601261
Monday, October 20, 2025 5:21 AM IST
കോഴിക്കോട്: കെട്ടിട നിര്‍മ്മാണത്തില്‍ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതിന് കാര്‍ബണ്‍ ട്രേഡിംഗ് സംവിധാനം കേരളത്തില്‍ നടപ്പാക്കണമെന്ന് സെമിനാറില്‍ ഉയര്‍ന്നുവന്ന നിര്‍ദേശം നയരേഖയില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
പൊതുമരാമത്ത് സംഘടിപ്പിച്ച വിഷന്‍ 2031 സംസ്ഥാനതല സെമിനാറില്‍ പാനല്‍ ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്ന നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സെമിനാറില്‍ ഉയര്‍ന്നുവന്ന ആശയങ്ങള്‍ ഗൗരവമായി കാണുന്നതായും നയരേഖയില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. നയരേഖ രൂപീകരണത്തിനായി ആശയങ്ങള്‍ കൈമാറിയ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ക്കും മറ്റ് വിദഗ്ധര്‍ക്കും പൊതുജനങ്ങള്‍ക്കും മന്ത്രി നന്ദി അറയിച്ചു.
നിര്‍മാണമേഖലയില്‍ ആറ് ഡി സാങ്കേതിക വിദ്യ നടപ്പിലാക്കാനൊരുങ്ങുകയാണ് പൊതുമരാമത്ത് വകുപ്പെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ അഞ്ച് ഡി സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ആറ് ഡിയിലേക്ക് നിര്‍മാണ രീതികള്‍ മാറുന്ന ഘട്ടത്തില്‍ കാര്‍ബണ്‍ ട്രേഡിംഗ് സംവിധാനം പൊതുമരാമത്ത് വകുപ്പില്‍ നടപ്പിലാക്കുന്നത് പഠിച്ച് തീരുമാനമെടുക്കുമെന്നും വിഷയം നയരേഖയില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് ബീച്ചിലെ ആസ്പിന്‍ കോര്‍ട്ട് യാര്‍ഡില്‍ നടന്ന ചടങ്ങില്‍ ലിന്റോ ജോസഫ് എംഎല്‍എ അധ്യക്ഷനായി. തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ ബിജു, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പൊതുമരാമത്ത് വകുപ്പില്‍ ബിഐഎം നടപ്പിലാക്കണമെന്നും ഇതിനായി രൂപരേഖ ആവശ്യമാണെന്നും പൊതുവായി ഉയര്‍ന്നുവന്ന ആവശ്യം പരിഗണിക്കും. ആവശ്യമായ പരിശീലനം നല്കി, ഘട്ടം ഘട്ടമായി എല്ലാവര്ക്കും സംവിധാനം പരിചിതമാക്കും.
ബിഐഎം നടപ്പിലാക്കുമ്പോള്‍ സുസ്ഥിര കെട്ടിട കോഡ് കൂടി ഉള്‍പ്പെടുത്തുന്ന കാര്യവും നയരേഖയുടെ ഭാഗമായി ഉള്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്ക് റേറ്റിംഗിനായി കെ - ഗ്രീന്‍ സംവിധാനം ഏര്‍പ്പെടുത്തും.
ഇതിന്റെ കരട് ആര്‍ക്കിടെക്ചര്‍ വിഭാഗം തയാറാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇന്റഗ്രേറ്റഡ് ഡിസൈന്‍ പ്രോസസ് നിര്‍ബന്ധമാക്കുന്നതിന് ആവശ്യമായ ഡിസൈന്‍, ആര്‍ക്കിടെക്ചര്‍, കെട്ടിട വിഭാഗങ്ങളുടെ ഏകോപനം എന്നിവ സാധ്യമാക്കുന്നതിനുള്ള നടപടികള്‍ നല്ല രീതിയില്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.