വന്യജീവി ശല്യം: ജനജാഗ്രത സമിതിയും പിആര്ടിയും രൂപീകരിച്ച് ഓമശേരി
1601716
Wednesday, October 22, 2025 5:11 AM IST
താമരശേരി: വന്യജീവി ശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി ജനജാഗ്രത സമിതിയും സന്നദ്ധ പ്രഥമ പ്രതികരണ സേന (വോളണ്ടറി പ്രൈമറി റെസ്പോണ്‍സ് ടീം-പിആര്‍ടി)യും രൂപീകരിച്ച് ഓമശേരി പഞ്ചായത്ത് ഭരണസമിതി. ജനപ്രതിനിധികളുടേയും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും കര്‍ഷക സംഘടന പ്രതിനിധികളുടേയും സംയുക്ത യോഗത്തിലാണ് ജാഗ്രത സമിതിയും പ്രതികരണ സേനയും രൂപീകരിച്ചത്.
തദ്ദേശീയരും ജനപ്രതിനിധികളും വനം ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള ജനകീയ ജാഗ്രത സമിതിക്കാണ് രൂപം നല്‍കിയത്. പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനും റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കണ്വീറായുമുള്ള 42 അംഗ സമിതിയില്‍ ഡിഎഫ്ഒ നോമിനേറ്റ് ചെയ്ത കര്‍ഷക പ്രതിനിധികളായ യു.കെ.അബു ഹാജി ഓമശേരി, ബേബി അഗസ്റ്റിന് കാപ്പാട്ടുമല, ഒ.കെ.സദാനന്ദന് എന്നിവരും അംഗങ്ങളാണ്. രണ്ട് ഭാഗങ്ങളായാണ് പിആര്‍ടി രൂപീകരിച്ചത്.
10 അംഗങ്ങളുള്ള ഭാഗം ഒന്നില്‍ 1, 2, 3, 4, 5,14,16,17,18,19 എന്നീ വാര്‍ഡുകളാണുള്ളത്. ഭാഗം രണ്ടില്‍ ആറു മുതല്‍ 13 വരെയുള്ള വാര്‍ഡുകളും പതിഞ്ചാം വാര്‍ഡും ഉള്‍പ്പെടും. കാട്ടുപന്നി ശല്യം തടയാന്‍ കാടിളക്കി നായാട്ട് നടത്താനും യോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കരുണാകരന് ഉദ്ഘാടനം ചെയ്തു.
യൂനുസ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. പി.കെ.ഗംഗാധരന്, കെ.കെ.അബ്ദുള്ളക്കുട്ടി, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.പി.പ്രേംശമീര്, സീനത്ത് തട്ടാഞ്ചേരി, കെ.ഗിരീഷ് കുമാര്‍, ആര്.വിഷ്ണു എന്നിവര്‍ സംസാരിച്ചു.