പാചക വാതക സിലിണ്ടറിന് തീപിടിച്ച് പാചകശാല കത്തിനശിച്ചു
1601721
Wednesday, October 22, 2025 5:11 AM IST
ചക്കിട്ടപാറ: പാചക വാതക സിലിണ്ടറിന് തീപിടിച്ച് ബേക്കറിയുടെ ഭാഗമായുള്ള ഫാസ്റ്റ്ഫുഡ് കേന്ദ്രം കത്തിനശിച്ചു. ചക്കിട്ടപാറ പഞ്ചായത്തോഫീസിന് എതിര്‍വശത്തുള്ള ജെആര്‍ ബേക്കറിയില്‍ ഇന്നലെ പകല്‍ പതിനൊന്നരയോടെയാണ് സംഭവം. പാചകവാതക സിലിണ്ടറിലേക്ക് അടുപ്പില്‍ നിന്നുയര്‍ന്ന തീ പടര്‍ന്നു പിടിച്ചാണ് അപകടമുണ്ടായത്. പാചകശാല പാടെ കത്തിനശിച്ചു.
ഫ്രിഡ്ജും ഫ്രീസറും നശിച്ചവയില്‍ പെടുന്നു. സമീപ സ്ഥാപനങ്ങളില്‍ നിന്ന് ആളുകള്‍ ഓടിയെത്തി കടയ്ക്കുള്ളില്‍ നിന്ന് വേഗത്തില്‍ സിലിണ്ടര്‍ പുറത്തേക്ക് മാറ്റിയതിനാല്‍ വലിയ അപകടം ഒഴിവായി.
പാചക ശാലയിലുണ്ടായിരുന്നവര് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. തൊട്ടടുത്തുള്ള പഞ്ചായത്തോഫീസില്‍ നിന്ന് അഗ്നിശമന സാമഗ്രി എത്തിച്ച് നാട്ടുകാര്‍ തന്നെ തീയണച്ചു. പേരാമ്പ്രയില്‍ നിന്ന് അഗ്നിരക്ഷാ സേനയും എത്തിയിരുന്നു.