ഫുട്ബോളിനെ ജനപ്രിയമാക്കിയത് സെവന്‍സ് ടൂര്‍ണമെന്റ്: പദ്്മശ്രീ ഐ.എം. വിജയന്
1601256
Monday, October 20, 2025 5:03 AM IST
കോഴിക്കോട്: ഫുട്ബോളിനെ കേരളത്തില്‍ ജനപ്രിയമാക്കിയത് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റുകളാണെന്നും തന്നെപ്പോലുള്ള താരങ്ങള്‍ വളര്‍ന്നുവന്നത് സെവന്സിലൂടെയാണെന്നും പദ്്മശ്രീ ഐ.എം. വിജയന്. സെവന്‍സ് ഫുട്ബോള്‍ അസോസിയേഷന് 26-ാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്രയോ ഇന്ത്യന്‍ താരങ്ങളെ ആ പദവിയില്‍ എത്തിച്ചത് സെവന്‍സാണ്.
താനടക്കമുള്ള കളിക്കാരുടെ ആദ്യകാലത്തെ ബ്രഡ് ആൻഡ് ബട്ടര്‍ സെവന്സായിരുന്നുവെന്നും കളിയിലെ ആദ്യ ബാലപാഠങ്ങള്‍ തങ്ങളെ പഠിപ്പിച്ചത് സെവന്‍സിന്റെ കളിയരങ്ങാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെവന്‍സ് ഫുട്ബോള്‍ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കെ.എം. ലെനിന് അധ്യക്ഷത വഹിച്ചു. ഇന്റര്‍നാഷണല്‍ ഫുട്ബോള്‍ താരങ്ങളായ എം. സുരേഷ്, എംഎസ്പി അസി.കമാന്‍ഡന്റ് ഹബീബ് റഹ്മാന്, മലപ്പുറം മുന്‍ എസ്പി യു.അബ്ദുൾ കരീം എന്നിവര്‍ മുഖ്യാതിഥികളായി.
എസ്എഫ്എ സീനിയര്‍ വൈസ് പ്രസിഡന്റ് എളയടത്ത് അഷ്റഫ്, സംസ്ഥാന ജനറല്‍ സെക്രട്ടറി സൂപ്പര്‍ അഷ്റഫ് ബാവ, ട്രഷറര്‍ കെ.ടി. ഹംസ, വാഹിദ് കുപ്പൂത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. 2025-26 സീസണിലേക്കുള്ള സെവന്‍സ് ടൂര്‍ണമെന്റുകളുടെ തീയതികള്‍ പ്രഖ്യാപിച്ചു. 2025 നവംബര്‍ അഞ്ചിന് പാലക്കാട് ജില്ലയിലെ ലിയോ സ്പോര്‍ട്ടിംഗ് കൊടക്കാട് ടൂര്ണമെന്റോടു കൂടി ഈ സീസണിലെ ടൂര്‍ണമെന്റുകള്‍ ആരംഭിക്കും.