ഇടിമിന്നല്‍: കടിയങ്ങാട് വീടുകള്‍ക്ക് നാശനഷ്ടം
1601598
Tuesday, October 21, 2025 7:04 AM IST
പേരാമ്പ്ര : ഇന്നലെ വൈകുന്നേരം തുലാവര്‍ഷ മഴയോടൊപ്പം ഉണ്ടായ ശക്തമായ മിന്നലില്‍ ചങ്ങരോത്ത് പഞ്ചായത്തില്‍ പെട്ട കടിയങ്ങാട് വീടുകള്‍ക്ക് നാശനഷ്ടം.
കടിയങ്ങാട് മഹിമയില്‍ കുഴിച്ചാലില്‍ ഗോവിന്ദന്, മകന് സുധീഷ് എന്നിവരുടെ വീടുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. വൈകുന്നേരം നാലോടെയാണ് ഇടിമിന്നലുണ്ടായത്. ഗോവിന്ദന്റെ വീടിന്റെ വയറിംഗ് പൂര്‍ണ്ണമായും കത്തിനശിച്ചു. വീടിന്റെ തറ ഇളകി കരിങ്കല്ലുകള്‍ ചിതറിത്തെറിച്ചു. കോണ്‍ക്രീറ്റ് ബീം മിന്നലില്‍ പൊട്ടിയ നിലയിലുമാണ്. ചുമരുകള്‍ക്ക് വിള്ളലും സംഭവിച്ചു.
ഈ സമയം ഗോവിന്ദനും ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരുക്കേറ്റില്ല. സമീപത്തു തന്നെയുള്ള സുധീഷിന്റെ വീടിനും ഇടിമിന്നലേറ്റു. വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. വരാന്തയിലുണ്ടായിരുന്ന കുട കത്തി നശിച്ചു. വീട്ടിലുണ്ടായിരുന്ന സുധീഷിന്റെ മകള്‍ ശീതള്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. സുധീഷിന്റെ കാലിന് ചെറിയതോതില്‍ പൊള്ളലേറ്റു.