നാദാപുരത്ത് ഇരുനില കെട്ടിടം തകർന്നുവീണു; ഒഴിവായത് വൻ ദുരന്തം
1573724
Monday, July 7, 2025 5:01 AM IST
നാദാപുരം: സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഇരുനില കോൺക്രീറ്റ് കെട്ടിടം തകർന്നുവീണു. നാദാപുരം കസ്തുരികുളത്തെ അമ്പത് വർഷത്തോളം പഴക്കമുള്ള സ്വകാര്യ വ്യക്തിയുടെ കെട്ടിടമാണ് ഇന്നലെ പുലർച്ച മൂന്നരയോടെ തകർന്നുവീണത്. കെട്ടിടത്തിന്റെ ഒന്നാം നിലയിൽ ശാഫി കളരി മർമ ചികിത്സാലയവും താഴത്തെ നിലയിൽ മറ്റ് വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്.
ഇന്നലെ അവധി ദിവസമായതിനെ തുടർന്ന് കളരി മർമ ചികിത്സകനായ കോഴിക്കോട് ചെലവൂർ സ്വദേശി അബ്ദുറഹ്മാൻ ഗുരിക്കൾ നാട്ടിലേക്ക് പോയതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.
ഇദ്ദേഹം താമസിക്കുന്ന റൂമിന്റെ ഭാഗമാണ് തകർന്നുവീണത്. രാത്രി വൈകിയും ഈ കെട്ടിടത്തിന് സമീപത്തെ ഫാസ്റ്റ് ഫുഡ് കടയിൽ ആളുകൾ ഉണ്ടാകാറുണ്ട്.
അപകടം നടന്നത് പുലർച്ചെ ആയതിനാൽ റോഡിലും മറ്റും ആളില്ലാത്തത് വൻ ദുരന്തം ഒഴിവാക്കി. കെട്ടിടത്തിന്റെ മേൽക്കുരയിൽ സ്ഥാപിച്ചിരുന്ന ഷീറ്റുകളും മറ്റും പതിനൊന്ന് കെവി ലൈനിൽതട്ടി നിൽക്കുന്നതിനാൽ പുലർച്ചെ തന്നെ കെഎസ്ഇബി അധികൃതർ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു.
രാവിലെ ഫയർഫോഴ്സ് എത്തി ഷീറ്റുകളും ഇരുമ്പ് പൈപ്പുകളും മുറിച്ച് മാറ്റിയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. റോഡിലേക്ക് വീണ കെട്ടിടാവശിഷ്ടങ്ങൾ ജെസിബി ഉപയോഗിച്ച് മാറ്റി.