നിരന്നപാറയിൽ ജല അതോറിറ്റിയുടെ കുടിവെള്ളം മുടങ്ങിയിട്ട് വര്ഷങ്ങള്; മന്ത്രിക്ക് നിവേദനം നൽകി
1543579
Friday, April 18, 2025 5:09 AM IST
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ പതിനാറാം വാർഡ് നിരന്നപാറ മേഖലയിൽ കുടിവെള്ളക്ഷാമത്താൽ വലഞ്ഞ് ജനങ്ങൾ.പരിസരത്തെ ഇരുപതോളം വീട്ടുകാർക്ക് ജല അതോറിറ്റിയുടെ വെള്ളമെത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞു.
എന്നാൽ ബില്ല് വരുന്നുണ്ട്. ഇതിന് പരിഹാരം ഉണ്ടാക്കാൻ മന്ത്രി റോഷി അഗസ്റ്റിന് പ്രദേശവാസികൾ നിവേദനം നൽകി. കുടിവെള്ളക്ഷാമത്തിന് ആശ്വാസമായി പലഘട്ടങ്ങളിലായി 30 ലക്ഷത്തോളം രൂപ ചെലവഴിച്ച് നിരന്നപാറ വരിക്കോട്ടൂർ ഭാഗത്ത് നിർമിച്ച പഞ്ചായത്ത് കുടിവെള്ള പദ്ധതിയും താളം തെറ്റിയതോടെയാണ് പ്രശ്നം രൂക്ഷമായത്.എഴുപതോളം ഗുണഭോക്താക്കളുള്ള ഈ പദ്ധതിയുടെ വിതരണ ലൈൻ സമൂഹവിരുദ്ധർ അറുത്ത് മുറിക്കുകയും ചെയ്തു.
മോട്ടോർ പുര ഇടിഞ്ഞ് താഴ്ന്ന തിനെത്തുടർന്ന് ആഴ്ചകളായി പദ്ധതിയിൻ കീഴിൽ പമ്പിങ് നിലച്ചിട്ട്. ഇതിനെത്തുടർന്ന് നിരന്നപാറയിലും കാരക്കാട്ട് താഴെ പ്രദേശത്തും നിരവധി കുടുംബങ്ങൾ ആഴ്ചകളായി വെള്ളം വിലകൊടുത്ത് വാങ്ങുന്ന സാഹചര്യവും ഉണ്ട്.കുടിവെള്ള വിതരണം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജല അതോറിറ്റിയിൽ ഉപഭോക്താക്കൾ പരാതിനൽകി മടുത്തു.
ബൃഹത്തായ വിതരണ ശൃംഖലയിലെ മർദവ്യതിയാനമാണ് ഉയർന്നസ്ഥലമായ നിരന്നപാറയിലേക്ക് വെള്ളമെത്തുന്നതിന് തടസ്സമാകുന്നത് എന്നായിരുന്നു അധികൃതർ പറഞ്ഞിരുന്നത്.അഞ്ചുദിവസം കൂടുമ്പോൾ മാത്രമാണ് പഞ്ചായത്ത് നിരന്നപാറ മേഖലയിൽ ജല വിതരണം നടത്തുന്നുള്ളു.
ജനസാന്ദ്രത ഏറെയുള്ള മേഖലയിൽ തടസ്സങ്ങൾ നീക്കി ജലവിതരണം കാര്യക്ഷമമാ ക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്തെ ജനങ്ങൾ ജല വിഭവവകുപ്പ് മന്ത്രിക്ക് കൂട്ടപ്പരാതി നൽകിയിരിക്കുകയാണ്. വരിക്കോട്ടൂരിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത് കുടിവെള്ളപദ്ധതിയുടെ അപര്യാപ്തതകൾ പരിഹരിച്ച് പ്രവർത്തനം കാര്യക്ഷ മമാക്കണമെന്നും മുറവിളി ഉയരുന്നുണ്ട്.
കാലപ്പഴക്കമുള്ള ലൈൻ ആയതിനാൽ കോടഞ്ചേരി -പുളവള്ളി മെയിൻ ലൈനിൽ നിന്നും നിരന്നപാറ ബ്രാഞ്ച് ലൈനിലേക്കുള്ള ബോറിങ് പോയിന്റിലെ ഡിഐ പൈപ്പ് ദ്രവിച്ചു ഭാഗികമായി അടഞ്ഞിട്ടുണ്ടാവാമെന്നാണ് സ്ഥലം സന്ദർശിച്ച ജല അതോറിറ്റി അധികൃതരുടെ നിഗമനം. പുതിയ ബോറിങ് പോയിന്റ് ഉണ്ടാക്കി നിരന്നപാറ ലൈനിലേക്ക് കണക്ട് ചെയ്യുക എന്നതാണ് പരിഹാരം.
ആതിനു റോഡ് ക്രോസിങ് അനിവാര്യമാണ്. റോഡ് കീറുന്നതിന് വേ ണ്ടിയുള്ള അനുമതിക്കുവേണ്ടി പൊതുമരാമത്ത് വകുപ്പിന് അപേക്ഷ നൽകിയിട്ടുണ്ട്. അനുമതി ലഭിക്കുന്ന മുറയ്ക്ക് പ്രവൃത്തി നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ജലഅതോറിറ്റി വിഭാഗം കൊടുവള്ളി അസി. എൻജിനിയർ പറഞ്ഞു.