ബഫർ സോൺ ഉത്തരവ്: കല്ലാനോട് കേരള കോൺഗ്രസ് - എമ്മിൽ കൂട്ടരാജി
1536351
Tuesday, March 25, 2025 7:43 AM IST
കൂരാച്ചുണ്ട്: കേരള കോൺഗ്രസ് - എം പാർട്ടിയുടെ നേതാവും, ജലസേചന വകുപ്പ് മന്ത്രിയുമായ റോഷി അഗസ്റ്റിൻ മലയോര കർഷകരെ ബഫർ സോൺ പ്രഖ്യാപിച്ചുകൊണ്ട് ദ്രോഹിക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ്- എം കല്ലാനോട് മണ്ഡലം കമ്മിറ്റി ഒന്നടങ്കം പാർട്ടിയിൽ നിന്നും രാജിവച്ചു. ഇന്നലെ കല്ലാനോട് ചേർന്ന് യോഗത്തിലാണ് തീരുമാനം.
ഇതിനെതിരേ കർഷകരെ സംഘടിപ്പിച്ച് സർക്കാരിന്റെ തീരുമാനത്തിനെതിരായി ശക്തമായ പ്രഷോഭം സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു. റിസർവോയറിൽ നിന്നും 120 മീറ്റർ വരെ നിർമ്മാണ പ്രവർത്തനത്തിനുള്ള നിയന്ത്രണങ്ങൾ നടപ്പിലാക്കാനുള്ള ഇറിഗേഷൻ വകുപ്പിന്റെ തീരുമാനം കല്ലാനോട് ഗ്രാമത്തിന്റെ ഭൂരിഭാഗം പ്രദേശത്തുള്ള കർഷകരെ ബാധിക്കുന്നതാണ്.
ഇറിഗേഷൻ വകുപ്പ് പ്രഖ്യാപിച്ച കർഷക വിരുദ്ധ നിയമം ഉടൻ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജോസ് വട്ടുകുളം അധ്യഷത വഹിച്ചു. മാത്യു അകന്പടിയിൽ, തോമസ് കുമ്പുക്കൽ, തോമസ് കിഴക്കേവീട്ടിൽ, ജോസ് എട്ടിയിൽ, ജോസഫ് കാരക്കാട്ട്, ജോസഫ് എടച്ചേരി, പ്രിൻസ് കളമ്പൻകുഴി, ബാബു വട്ടുകുളം, തോമസ് കാരക്കാട്ട്, ലൂസി ബേബി തടത്തിൽ എന്നിവർ പ്രസംഗിച്ചു.