പമ്പ് സ്ഥാപിക്കുന്നതിലെ നിയമലംഘനം പരിശോധിക്കണം: മനുഷ്യാവകാശ കമ്മീഷൻ
1511632
Thursday, February 6, 2025 4:47 AM IST
കോഴിക്കോട്: ചേളന്നൂർ കാക്കൂർ പോലീസ് സ്റ്റേഷന് സമീപം സ്ഥാപിക്കുന്ന പെട്രോൾ പമ്പ് നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതായുള്ള പരാതി പരിശോധിച്ച് രണ്ടാഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കോഴിക്കോട് ജില്ലാ കളക്ടർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശം നൽകിയത്.
കാക്കൂർ സ്വദേശി മനോജ് കുമാറിന്റെ പരാതിയിലാണ് നടപടി. പമ്പിനുള്ള അപേക്ഷ ഇപ്പോൾ കോഴിക്കോട് എഡിഎമ്മിന്റെ പരിഗണനയിലാണെന്ന് പരാതിയിൽ പറയുന്നു. പമ്പ് സ്ഥാപിക്കുന്ന പറമ്പിൽ നിന്നും വെറും 5 മീറ്റർ അകലത്തിലാണ് തന്റെ കിണറുള്ളതെന്നും കിണറിൽ നിന്നും പമ്പിന് 30 മീറ്റർ അകലമുണ്ടാകണമെന്നാണ് നിയമമെന്നും പരാതിയിൽ പറയുന്നു.
ഫെബ്രുവരി 28ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. എറണാകുളം കാക്കനാട് നയാരാ എനർജി ലിമിറ്റഡ് ഡിവിഷണൽ മാനേജരും റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.