പിടിഎ എക്സിക്യൂട്ടീവ് തെരഞ്ഞെടുപ്പ് അട്ടിമറിച്ചതായി പരാതി
1601252
Monday, October 20, 2025 5:03 AM IST
കോഴിക്കോട്: മാങ്കാവ് ആഴ്ചവട്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പ് അട്ടിമറിച്ചതായി പരാതി. പിടിഎ എക്സിക്യുട്ടീവ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് രക്ഷിതാക്കള്‍ മാത്രം വോട്ടു ചെയ്യുന്നതാണ് കീഴ്വഴക്കം. അധ്യാപകരുടെ നേതൃത്വത്തില്‍ ഒരു വിഭാഗത്തെക്കൊണ്ട് പാനല്‍ അവതരിപ്പിച്ച് വോട്ടെടുപ്പ് അട്ടിമറിക്കുകയായിരുന്നു എന്നാണ് മറ്റൊരു വിഭാഗത്തിന്റെ ആരോപണം.
ജനറല്‍ ബോഡി നടക്കുന്ന ദിവസം മറ്റു യോഗങ്ങള്‍ ഒന്നും വിളിച്ചുചേര്‍ക്കാന്‍ പാടില്ലെന്ന കീഴ്വഴക്കം നിലനില്‍ക്കെ തന്നെ പിടിഎ സെക്രട്ടറി കൂടിയായ പ്രിന്‍സിപ്പല്‍ അന്നേദിവസം അതേസമയം തന്നെ ക്ലാസ് പിടിഎ വിളിച്ചു ചേര്‍ക്കുകയും എക്സിക്യൂട്ടീവ് യോഗത്തിന് എത്തിയ രക്ഷിതാക്കളെ പുറത്തു നിര്‍ത്തുകയും ചെയ്തതായും പരാതിയുണ്ട്.
സ്കൂളില്‍ ഉണ്ടാകുന്ന ഡിവിഷന് ഫാള്‍, ബാലാവകാശ ലംഘനങ്ങള്‍, അക്കാദമിക രംഗത്ത് ഉണ്ടാകുന്ന വീഴ്ചകള്‍ തുടങ്ങിയവ ചൂണ്ടിക്കാട്ടുന്ന രക്ഷിതാക്കള്‍ പിടിഎ എക്സിക്യൂട്ടീവില്‍ ഉണ്ടാകരുതെന്ന ഉദ്ദേശത്തോടെയാണ് തെരഞ്ഞെടുപ്പ് അട്ടിമറിച്ചതെന്ന് ഒരു വിഭാഗം രക്ഷിതാക്കള്‍ പറയുന്നു.
ഒരു മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് ജനറല്‍ബോഡി ആരംഭിച്ചത്. ഈ വിഷയത്തില്‍ ഡിഡി, ആര്‍ഡിഡി, എംഎല്‍എ, വിദ്യാഭ്യാസ മന്ത്രി എന്നിവര്‍ക്ക് ചില രക്ഷിതാക്കൾ പരാതി നല്‍കിയിട്ടുണ്ട്.