സ്വകാര്യ പ്രാക്ടീസിന് തെളിവില്ല: ഡോക്ടര്‍ക്കെതിരായ നടപടി താക്കീതിലൊതുക്കി അവസാനിപ്പിച്ചു
1485608
Monday, December 9, 2024 6:24 AM IST
കോഴിക്കോട്: സ്വകാര്യ പ്രാക്ടീസിന്റെ പേരില്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടറുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിലെ അസ്ഥിരോഗ വിഭാഗം അസോസിയേറ്റ് പ്രഫസറായിരുന്ന ഡോ. കെ. രാജുവിനെതിരേ ആരംഭിച്ച നടപടികള്‍ താക്കീതിലൊതുക്കി സര്‍ക്കാര്‍ അവസാനിപ്പിച്ചു.
ഡോ. രാജു മുക്കത്ത് സ്വകാര്യ പ്രാക്ടീസ് ചെയ്തതായി മിന്നല്‍ പരിശോധനയില്‍ ബോധ്യപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി അദേഹത്തിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ 2023 ഏപ്രിലില്‍ സര്‍ക്കാരിനോടു ശിപാര്‍ശ ചെയ്തിരുന്നു. ഇതിനെതിരേ ഡോക്ടര്‍ നല്കിയ വിശദീകരണം പരിഗണിച്ചാണ് സര്‍ക്കാര്‍ അദേഹത്തെ നടപടിയില്‍നിന്ന് ഒഴിവാക്കിയത്. 2022 ഡിസംബര്‍ 22നായിരുന്നു വിജിലന്‍സ് പരിശോധന.
മുക്കത്തെ വീട്ടില്‍ വച്ച് വല്ലപ്പോഴും ബന്ധുക്കള്‍ക്കോ പരിസരവാസികള്‍ക്കോ നല്കുന്ന മെഡിക്കല്‍ ഉപദേശങ്ങള്‍ക്ക് ഒരിക്കലും പണമോ പാരിതോഷിമോ ഒന്നും സ്വീകരിച്ചിട്ടില്ലാത്തതിനാല്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയെന്ന വിജിലന്‍സ് കണ്ടെത്തല്‍ ശരിയല്ലെന്നാണ് ഡോക്ടര്‍ വാദിച്ചത്. ഈ വിഷയവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുന്നതിനായി മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തിലെ ജോയിന്റ് ഡയറക്ടര്‍ (മെഡിക്കല്‍), ജോയിന്റ് ഡയറക്ടര്‍ (ജനറല്‍), സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എന്നിവര്‍ അടങ്ങുന്ന കമ്മിറ്റിയെ ആരോഗ്യവകുപ്പ് നിയോഗിക്കുകയും ചെയ്തിരുന്നു.
ഡോ. രാജു മുക്കത്തെ വീട്ടില്‍ വരുമ്പോള്‍ അദേഹത്തെ കാണാന്‍ എത്തുന്ന അയല്‍വാസികളെയും പരിചയക്കാരെയും നോക്കാറുണ്ടെന്നും നെയിം ബോര്‍ഡ് വച്ച് ഒരു നിശ്ചിത തുക ഈടാക്കി അദേഹം സ്വകാര്യ പ്രാക്ടീസ് നടത്തുന്നില്ലെന്നും മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളിലും ഡോ. രാജുവിനെപ്പറ്റി നല്ല അഭിപ്രായമാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നടപടി ഒഴിവാക്കണമെന്ന ഡോ. രാജുവിന്റെ അപേക്ഷ പരിഗണിക്കാവുന്നതാണെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും സര്‍ക്കാരിനു ശിപാര്‍ശ നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഭാവിയില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്ന താക്കീത് നല്‍കിക്കൊണ്ട് നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.